പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ നടന്‍ വിജയ് തോളില്‍ കൈവയ്ക്കാന്‍ തുടങ്ങവേ കൈ തട്ടിമാറ്റുന്ന വിദ്യാര്‍ഥിനിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്? വാസ്തവം അറിയാം....
ഈ ചടങ്ങിന്‍റെ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് വലിയതോതില്‍ പ്രചരിക്കുന്നത്. പുരസ്കാരം സ്വീകരിക്കാനെത്തിയ വിദ്യാര്‍ഥിനിയെ വിജയ് പൊന്നാട അണിയിക്കുകയും പുരസ്കാരം നല്‍കുകയും ചെയ്യുന്നു. പിന്നാലെ ഫോട്ടോ എടുക്കാനായിട്ടാണ് വിജയ് വിദ്യാര്‍ഥിനിയുടെ തോളിലൂടെ കയ്യിടുന്നത്. എന്നാല്‍ വിജയ്‌യുടെ കൈ സൗമ്യമായി വിദ്യാര്‍ഥിനി തന്‍റെ തോളത്തുനിന്ന് എടുത്തുമാറ്റുന്നത് വരെയാണ് പ്രചരിക്കുന്ന വിഡിയോ. ‘വിജയ്‌യുടെ കൈ തട്ടിമാറ്റി പെണ്‍കുട്ടി’, ‘ഇങ്ങനെ വേണം പെണ്‍കുട്ടികളായാല്‍’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആ വിഡിയോ അവിടെ അവസാനിക്കുന്നില്ല....
പരിപാടിയുടെ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വിഡിയോയുടെ ഒരു ഭാഗം മാത്രമാണെന്ന് വ്യക്തമാണ്. യഥാര്‍ഥത്തില്‍ തന്‍റെ തോളത്തു നിന്ന് വിജയ്‌യുടെ കൈ സൗമ്യമായി എടുത്തുമാറ്റുന്ന വിദ്യാര്‍ഥിനി തൊട്ടുപിന്നാലെ വിജയ്‌യുടെ കൈ ചേര്‍ത്തു പിടിക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ് വിഡിയോ. വിജയ്‌യുടെ ഇരുകൈകളിലുമായി ഇരുവശത്തുമുള്ള പെണ്‍കുട്ടികള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. കുട്ടികളുടെ രക്ഷിതാവും സമീപമുണ്ട്.
ഇത്തരത്തില്‍ ഒരു വിഡിയോയുടെ ഒരുഭാഗം മാത്രം പ്രചരിപ്പിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വന്‍രോഷമാണ് ഉയരുന്നത്. വിഡിയോ പ്രചരിപ്പിച്ച വ്യക്തിയോട് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്കെന്താണ് ലഭിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുന്നു. റീച്ചിന് വേണ്ടി എന്തും ചെയ്യാമോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കുരുത് എന്ന് എങ്ങനെ മനസിലാക്കും, യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു എന്ന് മറ്റൊരാളും കുറിച്ചു.
ജൂണ്‍ 28ന് ചെന്നൈയിലായിരുന്നു തമിഴ് വെട്രി കഴകത്തിന്‍റെ ആഭിമുഖ്യത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന പുരസ്കാരദാനച്ചടങ്ങാണിത്. ചടങ്ങിന്‍റെ ആദ്യഘട്ടത്തില്‍ എണ്ണൂറോളം വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. വിദ്യാർഥികൾക്കു വൈരം പതിച്ച മോതിരങ്ങളും പണവുമാണു സമ്മാനമായി നൽകിയത്. അടുത്ത ഘട്ട പരിപാടി ജൂലൈ 3നു നടക്കും.
അതേസമയം തമിഴ് രാഷ്ട്രീയത്തില്‍ പ്രതിഭാദാരിദ്ര്യമെന്ന് നടന്‍ വിജയ്. മികച്ച ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും അഭിഭാഷകരെയുമല്ല ഇന്ന് നാടിനാവശ്യം. മികച്ച നേതാക്കളെയാണെന്നും പഠനത്തില്‍ മികവുതെളിയിച്ചവര്‍ രാഷ്ട്രീയത്തിലിറങ്ങണം. തെറ്റും ശരിയും മനസിലാക്കിവേണം പുതുതലമുറ മുന്നോട്ടുപോകാന്‍. നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്നും പറഞ്ഞു.