മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശിനി പരാതി നൽകി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചെന്നും പരാതിയിലുണ്ട്

ആർ.ഡി.എക്സ് സിനിമ നിർമാതാക്കളായ സോഫിയ പോളിനും, ജെയിംസ് പോളിനും എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമിന്റെ പരാതി. 13 കോടി രൂപ ബജറ്റിൽ സിനിമ നിർമ്മിക്കുന്നുവെന്ന് പറഞ്ഞാണ് നിർമ്മാതാക്കൾ ഇവരെ സമീപിച്ചത്. ഇതിൽ 6 കോടി രൂപയായിരുന്നു പരാതിക്കാരിയുടെ ഷെയർ. 30% ലാഭവിഹിതമായിരുന്നു വാഗ്ദാനം. നിർമ്മാണം പൂർത്തിയായപ്പോൾ ചിലവ് 23 കോടിയിലേക്ക് എത്തിയെന്ന് നിർമ്മാതാക്കൾ അറിയിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ കളക്ഷൻ 100 കോടിക്ക് മുകളിലെന്ന് നിർമാതാക്കൾ തന്നെ അവകാശപ്പെട്ടിട്ടുണ്ട്. എന്നിട്ടും പലതവണ ആവശ്യപ്പെട്ടിട്ടാണ് തങ്ങളുടെ മുടക്ക് മുതലായ ആറുകോടി തിരികെ നൽകിയതെന്ന് പരാതിയിൽ പറയുന്നു. 

ഇതിനുശേഷം മൂന്ന് കോടി ആറ് ലക്ഷം രൂപ നൽകാമെന്നും, കരാർ അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചിലവ് 28 കോടിയിലേറെയായെന്നും അറിയിച്ചു. തുടർന്ന് സിനിമയുടെ വരവ് ചിലവ് കണക്കുകൾ സംബന്ധിച്ച  രേഖകൾ പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാൽ മൂന്നാം കക്ഷി ആയതിനാൽ രേഖകൾ തരാനാവില്ല എന്നായിരുന്നു നിർമ്മാതാക്കളുടെ മറുപടി. വീണ്ടും ആവശ്യപ്പെട്ടപ്പോൾ സാമ്പത്തിക വിവരങ്ങൾ പുറത്തു പറയില്ല എന്ന കരാറിൽ ഒപ്പിട്ട് നൽകിയാൽ രേഖകൾ നൽകാമെന്നറിയിച്ചു. 

കരാറിൽ ഒപ്പിട്ട് നൽകിയിട്ടും നിർമ്മാതാക്കൾ സാമ്പത്തിക വിവരങ്ങൾ നൽകിയില്ല. ഇതോടെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വഞ്ചന, ഗൂഢാലോചന, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ സോഫിയ പോളിനും, ജെയിംസ് പോളിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ENGLISH SUMMARY:

Complaint against 'RDX' producers