ബോളിവുഡിലെ ഒരു ഹിറ്റ് കോമ്പോയാണ് അജയ് ദേവ്ഗണും തബുവും. ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചതിന് പുറമേ ഇരുവരുടേയും സുഹൃത്ത്ബന്ധവും ബോളിവുഡില്‍ പോപ്പുലറാണ്. അജയ് ദേവ്ഗണിനൊപ്പമുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് തബു. താന്‍ സംവിധാകരുമായോ നിര്‍മാതാക്കളുമായോ പ്രശ്നമുണ്ടാവുമ്പോള്‍ അവര്‍ അജയ് ദേവ്ഗണിനെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം തന്നോട് സംസാരിക്കുമെന്നും തബു പറഞ്ഞു. തങ്ങള്‍ തമ്മില്‍ രസകരമായ ബന്ധമാണുള്ളതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തബു പറഞ്ഞു.
'നിരുപാധികമായുള്ള സുഹൃത്ബന്ധമാണ് ഞങ്ങളുടേത്. പ്രൊഫഷണലി പരസ്പരം പിന്തുണയ്ക്കുന്നത് ഒരു വലിയ കാര്യമാണ്. പരസ്പരം ദ്രോഹിക്കുന്നതിനെ പറ്റി ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലമാവില്ല. ഞങ്ങള്‍ പരസ്പരം സംരക്ഷിക്കുന്നു.
വര്‍ക്ക് ചെയ്യുന്ന സിനിമകളുടെ നിര്‍മ്മാതാക്കളോ സംവിധായകരോ ഞാനുമായി എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള്‍ അവരുടെ രക്ഷക്കായി അജയ്യെ വിളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ ഷൂട്ടിനും പ്രൊമോഷനുമൊന്നും വരുന്നില്ലെന്നും വിളിച്ച് സംസാരിക്കണമെന്നും അവര്‍ അജയ്യോട് പറയും. എന്നിരുന്നാലും എന്റെ തീരുമാനങ്ങള്‍ക്കെതിരെ അജയ് നില്‍ക്കാറില്ല, അതിന് അദ്ദേഹത്തോട് വളരെ ബഹുമാനമുണ്ട്. എന്നെ സ്വാധീനിക്കാനും ശ്രമിക്കാറില്ല. അജയ് എനിക്ക് ആവശ്യമായ സ്പേസ് നല്‍കും. ഞാനും അജയ്യും തമ്മില്‍ വളരെ രസകരമായ ഒരു ബന്ധമാണുള്ളത്. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തരാണ്. അതുതന്നെയാണ് ഞങ്ങളുടെ ബന്ധത്തെ രസകരമാക്കുന്നതും,' തബു പറഞ്ഞു.