ലൈവ് ചാറ്റ് സെഷനിടെ റീല്‍സില്‍ കണ്ട ബാലികക്കും പിതാവിനുമെതിരെ അധിക്ഷേപകരമായ പരമാര്‍ശങ്ങള്‍ നടത്തിയ യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്. വീഡിയോക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് തെലുങ്ക് താരം സായ് ധരം തേജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് യൂട്യൂബര്‍ പ്രണീത് ഹനുമന്തിനെതിരെ സംസ്ഥാന സൈബര്‍ സെക്യൂരിറ്റി ബ്യൂറോ എഫ്​ഐആര്‍ രജിസ്​റ്റര്‍ ചെയ്​തത്. 

റീലില്‍ കാണുന്ന കുട്ടിക്കും പിതാവ് എന്ന് തോന്നിക്കുന്ന മുതിര്‍ന്ന വ്യക്തിക്കുമെതിരെ ലൈംഗികചുവയോടെയുള്ള പരാമങ്ങളാണ് യൂട്യൂബറും ഒപ്പമുള്ള സുഹൃത്തുക്കളും നടത്തിയത്. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടും സായ് ധരം തേജ് ആവശ്യപ്പെട്ടിരുന്നു. 

'ഇത് ഭയാനകവും വെറുപ്പുളവാക്കുന്നതിനുമപ്പുറമാണ്. ഫണ്‍ ആന്‍ഡ് ഡങ്ക് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ഇത്തരം രാക്ഷസന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കുട്ടികളുടെ സുരക്ഷ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഭാവിയിൽ ഇത്തരം ഭീകര പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടി വേണമെന്ന് ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഡെപ്യൂട്ടി മുഖ്യമന്ത്രി ഭാട്ടി മല്ലു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യൺ, എംഎല്‍എ നാരാ ലോകേഷ്  എന്നിവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,' എന്നാണ് സായ് ധരം തേജ് കുറിച്ചത്. 

പിന്നാലെ സംഭവത്തില്‍ നയമനടപടി ഉറപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെടുത്തിയ സായ് ധരം തേജിന് രേവന്ത് നന്ദി പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷയെ പറ്റിയും ഉത്തരവാദിത്തത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും അവബോധം സൃഷ്​ടിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഡിജിപി രവി ഗുപ്​ത പറഞ്ഞു. 

ENGLISH SUMMARY:

The Telangana police has registered a case against a YouTuber who made abusive comments against a child who were seen on the reels during the live chat session