TOPICS COVERED

ഞങ്ങള്‍ ആരുടെ വയറ്റിലാണ് ജനിച്ചത്? ഞങ്ങളുടെ യഥാര്‍ഥ അമ്മയാരാണ്? എന്നുതുടങ്ങിയ ചോദ്യങ്ങള്‍ മക്കള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. തനിക്കൊരിക്കലും തരണം ചെയ്യാനാവുന്ന ചോദ്യങ്ങളല്ല മക്കള്‍ ചോദിക്കുന്നതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘ഒരു മോഡേണ്‍ കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ ചില സാഹചര്യങ്ങള്‍ എന്നെ വട്ടംചുറ്റിക്കുകയാണ്. ആരുടെ വയറ്റിലാണ് ഞങ്ങള്‍ ജനിച്ചത്? ഇതല്ലേ യഥാര്‍ഥത്തില്‍ ഞങ്ങളുടെ അമ്മ? ഇത് ഞങ്ങളുടെ മുത്തശ്ശിയാണോ? എന്നുതുടങ്ങിയ ചോദ്യങ്ങളാണ് മക്കളില്‍ നിന്ന് ഇപ്പോള്‍ എനിക്ക് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നതില്‍ ഒരു വ്യക്തതയുമില്ല, കൗണ്‍സിലിങ്ങിനടക്കം ഞാന്‍ പോകുന്നുണ്ട്. പക്ഷേ ഇത് നേരിടുക അത്ര എളുപ്പമല്ല, ഒരു പിതാവ് എന്ന നിലയില്‍ അതൊരിക്കലും എളുപ്പമുള്ളതല്ല’ എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞിരിക്കുന്നത്.

വാടക ഗര്‍ഭധാരണത്തിലൂടെ കരണ്‍ ജോഹറിന് പിറന്ന ഇരട്ടക്കുട്ടികളാണ് യാഷും റൂഹിയും. 2017ലായിരുന്നു ഇവരുടെ ജനനം. കരണ്‍ ജോഹറിന്‍റെ അമ്മ ഹിരൂ ജോഹറാണ് ഇവരെ നോക്കുന്നത്. എണ്‍പത്തിയൊന്നുകാരിയായ ഹിരുവല്ലേ തങ്ങളുടെ അമ്മ എന്ന് മക്കള്‍ ചോദിച്ചുതുടങ്ങി എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. 

മാസങ്ങള്‍ക്കു മുന്‍പാണ് കരണ്‍ ജോഹര്‍ തന്‍റെ മക്കളുടെ പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എന്‍റെ ജീവിതത്തിലെ ഏറ്റവും തിളക്കംനിറന്ന കിരണങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നുതുടങ്ങുന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നിങ്ങള്‍ വന്നതിനു ശേഷമാണ് എന്‍റെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റങ്ങളുണ്ടായത്. നിങ്ങളുടെ നിഷ്കളങ്കതയും കളിചിരികളും സ്നേഹവും മാറാതിരിക്കട്ടെ. നിങ്ങള്‍ വളരണം പക്ഷേ മാറരുത്’ എന്നും കരണ്‍ ജോഹര്‍ കുറിച്ചിരുന്നു.

ENGLISH SUMMARY:

Karan Johar recently revealed that his twin kids Yash and Roohi have started asking about their biological mother in an interview with a YouTube channel.