അകാരണമായി ചിരിക്കുകയും ചിരിച്ച് തുടങ്ങിയാല്‍ ചിരിയടക്കാനാവാത്തതുമായ അപൂര്‍വ രോഗത്തിന്‍റെ പിടിയിലാണ് താനെന്ന് വെളിപ്പെടുത്തി 'ബാഹുബലി' താരം അനുഷ്ക ഷെട്ടി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 15–20 മിനിറ്റ് വരെ തന്‍റെ ചിരി നീളാറുണ്ടെന്നും തൊഴിലിടത്തില്‍പ്പോലും അത് ചിലപ്പോള്‍ പ്രശ്നമാകുന്നുവെന്നും താരം തുറന്നു പറഞ്ഞു. 'എനിക്ക് ലാഫിങ് ഡിസീസാണ്. ചിരിക്കുന്നതൊരു പ്രശ്നമാണോയെന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ എനിക്കത് പ്രശ്നമാണ്. ചിരി തുടങ്ങിയാല്‍ പത്തിരുപത് മിനിറ്റ് നീളും. കോമഡി രംഗം ചിത്രീകരിക്കുമ്പോഴും കാണുമ്പോഴുമെല്ലാം തനിക്ക് അസുഖം വില്ലനാകാറുണ്ടെന്നും ഷൂട്ടിങ് നിര്‍ത്തി വയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
എന്താണ് ലാഫിങ് ഡിസീസ്
നാഡികള്‍ക്കുണ്ടാകുന്ന തകരാറാണ് സ്യൂഡോബള്‍ബാര്‍ അഫക്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. നിയന്ത്രിക്കാന്‍ കഴിയാത്തവിധത്തില്‍ ചിരിയോ കരച്ചിലോ ഉണ്ടാകുന്നതാണ് രോഗാവസ്ഥ. ഇത് വ്യക്തിയുടെ വൈകാരിക നിലയുമായി ബന്ധപ്പെട്ടാവണമെന്നില്ല. നാഡികള്‍ക്കേല്‍ക്കുന്ന ക്ഷതമോ, നാശമോ ഈ അവസ്ഥയ്ക്ക് കാരണമാകാം. മള്‍ട്ടിപ്പ്ള്‍ സ്ക്ലിറോസിസ്, അമിട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ്, തലച്ചോറിനേറ്റ ക്ഷതം, പക്ഷാഘാതം, മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളും സൂഡ്യോബള്‍ബാര്‍ അഫ്ക്ടിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അകാരണമായി ചിരിക്കാനോ കരയാനോ തുടങ്ങുമെന്നതാണ് ഈ രോഗത്തിലെപ്രധാന അവസ്ഥ. അപ്രതീക്ഷിത നേരത്ത് രോഗാവസ്ഥ പ്രത്യക്ഷപ്പെടുന്നത് വ്യക്തികളുടെ ജോലിയെയും സാമൂഹ്യ ജീവിതത്തെയും മോശമായി ബാധിക്കാറുണ്ട്. ഇത് കടുത്ത ആത്മവിശ്വാസക്കുറവിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രോഗത്തെ ഒരു പരിധിവരെ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും.
പ്രധാനമായും തലച്ചോറിനെയാണ് രോഗം ബാധിക്കുന്നത്. വളരെ വൈകി മാത്രമേ രോഗം തിരിച്ചറിയാനും കഴിയൂവെന്നതും പി.ബി.എയെ അപകടകാരിയാക്കുന്നു. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലുടന്‍ വൈദ്യസഹായം തേടുന്നതാകും ഉത്തമം.
ശ്രദ്ധിക്കേണ്ടതെപ്പോള്‍
അനവസരത്തില്‍ ചിരിയോ കരച്ചിലോ വരുന്നുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ കഴിയാത്തതായി തോന്നിയാലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. ചിരിയെക്കാള്‍ കരച്ചിലാണ് പി.ബി.എ ബാധിച്ചവരില്‍ കണ്ടുവരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം ബാധിച്ചവരില്‍ ഉറക്കക്കുറവോ, വിശപ്പില്ലായ്മയോ കാണണമെന്നില്ല. വിഷാദമായി രോഗത്തെ തെറ്റിദ്ധരിക്കുകയുമരുത്.