നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ആദ്യ വിവാഹക്ഷണക്കത്ത് നല്‍കി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുൽ രാമചന്ദ്രനും. തൃശൂരിലെ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് ഇരുവരും ക്ഷണക്കത്ത് കൈമാറിയത്. ക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങളും സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രങ്ങളും ശ്രീദേവി പങ്കുവച്ചു. ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്.
ആദ്യ ക്ഷണകത്ത് സുരേഷ് ഗോപിക്ക് കൊടുത്ത് അനുഗ്രഹം വാങ്ങണമെന്നുള്ളത് തന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്നും അത് സാധിച്ചുവെന്നും യുട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. കോടിയും വെറ്റിലയും പാക്കും മഞ്ഞളും എല്ലാമടങ്ങിയ തട്ടിലാണ് ക്ഷണകത്ത് വച്ച് നല്‍കിയത്. കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് കല്യാണത്തിനു മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
ക്ഷണകത്ത് കൈമാറി ഒരുമിച്ച് ഭക്ഷണവും കഴിച്ച ശേഷമാണ് രാഹുലും ശ്രീവിദ്യയും മടങ്ങിയത്. സെപ്റ്റംബര്‍ 8ന് രാവിലെ 11:20 നും 11:50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് വിവാഹം. 'ക്യാംപസ് ഡയറി' എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യയുടെ അരങ്ങേറ്റം. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ നായകന്‍ സുരേഷ് ഗോപിയാണ്.