TOPICS COVERED

മലയാള സിനിമയുടെ സീന്‍ മാറ്റിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്​സ്. കേരളത്തിന് പുറത്തേക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്​പദമാക്കി നിര്‍മിച്ച ചിത്രം സൗഹൃദത്തിന്‍റെ തീവ്രതയെ കാണിച്ചുതന്നിരുന്നു. മികച്ച പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തിന്‍റെ ആര്‍ട്ട് വര്‍ക്കും വിഎഫ്​എക്സും പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ഒറിജിനല്‍ ഗുണ കേവിനോട് കിട പിടിക്കുന്നതായിരുന്നു ആര്‍ട്ട് ടീം ഒരുക്കിയ ആര്‍ട്ടിഫിഷ്യല്‍ ഗുണ കേവും. 

ചിത്രത്തിന്‍റെ വിഎഫ്​എക്സ് ബ്രേക്ക്​ഡൗണ്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. സുഭാഷിനെ രക്ഷിക്കുന്ന സീനുകളും സെറ്റിട്ട ഗുണാകേവും മാത്രമല്ല വഴിയോരത്തെ മലകളും തടിയും കൂണുകളും മഴവെള്ളവും വരെ വിഎഫ്​എക്സ് ചെയ്​തിട്ടുണ്ട്. എഗ്​വൈറ്റ് ടീമാണ് ചിത്രത്തിന്‍റെ വിഎഫ്​എക്സ് ചെയ്​തിരിക്കുന്നത്. തൗഫീക് ഹുസൈൻ ആണ് വിഎഫ്എക്സ് സൂപ്പർവൈസർ. വിഡിയോ പുറത്ത് വിട്ടതോടെ ഇതൊക്കെ ഗ്രാഫിക്​സ് ആയിരുന്നോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

ചിദംബംരം സംവിധാനം ചെയ്​ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഗണപതി, ചന്തു, ഖാലിദ് റഹ്​മാന്‍, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. തീയറ്ററിൽ 73 ദിവസം ഓടിയ ചിത്രം 242 കോടിയാണ് കലക്​ട് ചെയ്​തത്.  

ENGLISH SUMMARY:

The VFX breakdown video of the film Manjummel Boys has been released now