തമിഴകത്തിന്‍റെ പ്രിയപ്പെട്ട താരമാണ് തല അജിത്ത്. അടുത്തിടെ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലുമായി ഒന്നിച്ചായിരിക്കും അജിത്തിന്‍റെ പുതിയ സിനിമയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ കൂടികാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍  വിശദീകരണവുമായി എത്തിയിരിക്കുകയാണ് അജിത്തിന്‍റെ മാനേജര്‍. കൂടിക്കാഴ്ച്ച നടന്നെങ്കിലും ഇരുവരും തമ്മിൽ ഒന്നിച്ചുള്ള ചിത്രം ഇപ്പോഴുണ്ടാകില്ലെന്നാണ് മാനേജര്‍ സുരേഷ് ചന്ദ്ര വിശദീകരിച്ചത്. 

'ഇരുവരും ഒന്നിച്ച് സിനിമ വരുന്നെന്ന വാര്‍ത്തകള്‍ ഞാനും കണ്ടു, എന്നാല്‍ അത് ശരിയല്ല. അജിത്ത് സാറും പ്രശാന്ത് നീലും കണ്ടുമുട്ടി എന്നത് സത്യമാണ്. അവർ തമ്മില്‍ സന്തോഷത്തോടെ കണ്ടുപിരിഞ്ഞു, പക്ഷേ അവർ കണ്ടുമുട്ടിയപ്പോൾ ഒരു സിനിമയെക്കുറിച്ചും ചർച്ച ചെയ്തിട്ടില്ല. പ്രശാന്തിനൊപ്പം അജിത്തിനെ കാണാൻ ഞാനും ആഗ്രഹിക്കുന്നു. പക്ഷേ സമീപഭാവിയിൽ അങ്ങനെ ഒന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല'- അജിത്തിന്‍റെ മാനേജർ.

മഗിഴ് തിരുഏനി സംവിധാനം ചെയ്യുന്ന വിട മുയാർച്ചി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് അജിത് കുമാർ. തൃഷ കൃഷ്ണനും താരത്തിനൊപ്പം ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അസർബൈജാനിലെ ബാക്കുവിൽ അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. ഇതോടൊപ്പം അധിക് രവിചന്ദ്രനൊപ്പം അജിത്തിന്‍റെ അടുത്ത ചിത്രവുമെത്തും. അതേസമയം, പ്രശാന്ത് നീൽ ജൂനിയർ എൻടിആറിനൊപ്പം അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്.

ENGLISH SUMMARY:

The news that Prashant Neel and Ajith are doing a film together is fake