mammooty-and-mohanlal

മുണ്ടകൈയില്‍ കുത്തിയൊലിച്ചുവന്ന ദുരന്തം കണ്ട് വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. ഒറ്റ രാത്രികൊണ്ട് നിരവധി ജീവനെടുത്ത വലിയ ദുരന്തത്തിന് ഇപ്പോഴും അറുതി വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികളും നാട്ടുകാരും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി പ്രിയതാരങ്ങളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ജാഗ്രത നിര്‍ദേശം പങ്കുവെച്ചത്. 

കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും  യാത്രകൾ പരമാവധി ഒഴിവാക്കുകയും തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർഥനയോടെ എന്നെഴുതിയാണ് ഇരുവരും പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൺട്രോൾ റൂം ഫോൺ നമ്പറുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

മുണ്ട‌കൈയിലും ചൂരല്‍മലയിലുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 63പേരാണ് മരിച്ചു. ഒട്ടേറെപേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കും. 43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളില്‍. പതിനെട്ടുപേരെ തിരിച്ചറിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളുടേത് ഉള്‍പ്പെടെ 8 മൃതദേഹങ്ങള്‍. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. ഹെലികോപ്റ്ററുകള്‍ വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കും. പ്രതികൂല കാലാവസ്ഥമൂലം ആദ്യശ്രമം പരാജയപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 48 മണിക്കൂര്‍ കൂടി മഴ ശക്തമായി തുടരും. മണ്ണിടിച്ചില്‍ സാധ്യതുള്ളിടത്ത് നിന്ന് മാറി താമസിക്കണമെന്നും കാലാവസ്ഥ കേന്ദ്രം ആവശ്യപ്പെടുന്നു.