ഐക്യദാർഢ്യത്തിന്‍റെയും ധീരതയുടെയും അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടില്‍ കാണുന്നതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സൈനിക ഉദ്യോഗസ്ഥർക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്ത ഭൂമിയിലേക്ക് സഹായമെത്തിക്കുന്ന എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്. കാലവർഷക്കെടുതിയിൽ നാശം വിതച്ച നാടിനൊപ്പം തന്‍റെ പ്രാര്‍ഥനകള്‍ ഉണ്ടാകുമെന്നും താരം കുറിച്ചു. 

'ഐക്യദാർഢ്യത്തിന്‍റെയും ധീരതയുടെയും അർപ്പണബോധത്തിന്‍റെയും എത്ര അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കാണുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ എന്‍റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന കുറയ്ക്കട്ടെ. കൂടാതെ സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും സഹായം നല്‍കുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും നമ്മള്‍ ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നു. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനുമൊപ്പം എന്‍റെ പ്രാർത്ഥനകൾ ഉണ്ടാകും'- ദുല്‍ഖര്‍ സല്‍മാന്‍.

നിരവധി ആളുകളാണ് സഹായവുമായി ദുരന്ത ഭൂമിയിലെത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് തമിഴ് നടന്‍ ചിയാന്‍ വിക്രം സംഭാവന നല്‍കിയത്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്ക് പുറപ്പെട്ടു. തന്‍റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമായി കൊച്ചിസ്വദേശി നൗഷാദും, ക്യാപുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവുമായി ഷെഫ് പിള്ളയും മേപ്പാടിയിലെത്തിയിരുന്നു. 

ENGLISH SUMMARY:

Dulquer Salmaan appreciates the rescue operation for Wayanad