ramcharan-chiranjeevi

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ കണ്ണീരൊപ്പാന്‍ തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും രാം ചരണും അല്ലു അര്‍ജുനും. ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിനായി ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സമൂഹമാധ്യമമായ എക്സി(ട്വിറ്റര്‍)ലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 'കേരളത്തിലുണ്ടായ ദുരന്തം മനസ് വേദനിപ്പിക്കുന്നതാണ്. വയനാട്ടിലെ ദുരന്തബാധിതരുടെ ദുഃഖത്തില്‍ മനസ് കൊണ്ട് പങ്കുചേരുന്നു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ചരണും ഞാനും ചേര്‍ന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. വേദനയിലായിരിക്കുന്നവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഞങ്ങളുടെ പ്രാര്‍ഥനകള്‍' എന്നായിരുന്നു ചിരഞ്ജീവി കുറിച്ചത്. 

നിറയെ സ്നേഹം മാത്രം തനിക്ക് നല്‍കിയിട്ടുള്ള കേരളത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നുവെന്നും 'പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയ സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. ഈ അവസ്ഥയെ മറികടക്കുന്നതിനുള്ള കരുത്ത് ലഭിക്കേണ്ടതിനായി പ്രാര്‍ഥനകള്‍' എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

തമിഴ്താരങ്ങളും വയനാടിന് പിന്തുണ അറിയിച്ചിരുന്നു. കമല്‍ഹാസന്‍ 25 ലക്ഷവും സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷവും നയന്‍താര, വിക്രം, വിഘ്നേഷ് ശിവന്‍ തുടങ്ങിയവരും വയനാടിനായി സംഭാവനകള്‍ നല്‍കി. മോഹന്‍ലാല്‍ തന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി മൂന്ന് കോടി രൂപയും മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും ടൊവിനോ 25 ലക്ഷവും ഫഹദും നസ്രിയയും ചേര്‍ന്ന് 25 ലക്ഷം രൂപയും വയനാടിനായി നല്‍കി. പ്രശസ്ത ഡോക്യുമെന്‍ററി ഫിലിം മേക്കറായ ആനന്ദ് പട്വര്‍ധന്‍ രാജ്യാന്തര ഡോക്യുമെന്‍ററി–ഹ്രസ്വ ചലച്ചിത്രമേളയില്‍ ലഭിച്ച 2.2 ലക്ഷം രൂപയും വയനാട്ടിലെ ജനങ്ങള്‍ക്കായി നല്‍കി. 

369 പേര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം രൂപം നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

ENGLISH SUMMARY:

Telugu superstars Chiranjeevi And Ram Charan donate 1cr to CMDRF Kerala, for Wayanad landslide victims.