മമ്മൂട്ടി തുടര്‍ച്ചയായി രണ്ടാംതവണയും മികച്ച നടനാകുമോ? സംസ്ഥാന ചലച്ചിത്ര പുരസ്കാരനിര്‍ണയത്തിന്റെ ആദ്യ ഘട്ടംപൂര്‍ത്തിയാകുമ്പോള്‍ കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നീ മമ്മൂട്ടിചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് നായകനായ ആടുജീവിതവും ജൂറിയുടെ പരിഗണനയിലാണ്.  ഉള്ളൊഴുക്കിലെ പ്രകടനത്തിന് പാര്‍വതീ തിരുവോത്തും ഉര്‍വശിയും മികച്ച നടിമാരുടെ പട്ടികയില്‍ മുന്നിലാണ്. ഈ മാസം പതിനഞ്ചിന് ശേഷമായിരിക്കും പുരസ്കാര പ്രഖ്യാപനം.

മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇതുപോലൊരുകഥാപാത്രം ആദ്യം.  കാതല്‍ ദി കോറിലെ മാത്യൂ ദേവസ്സി മമ്മൂട്ടിയുടെ പ്രതിച്ഛായയെ തന്നെ പൊളിച്ചെഴുതുന്നു. പൊലീസ് വേഷങ്ങള്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കണ്ണൂര്‍സ്ക്വാഡിലെ  എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ്. കഴിഞ്ഞതവണ നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജയിംസും സുന്ദരവുമായി പകര്‍ന്നാടിയ മമ്മൂട്ടിക്ക് മാത്യൂ ദേവസ്സിയും ജോര്‍ജ് മാര്‍ട്ടിനും തുടര്‍ച്ചയായി  മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുക്കുമോയെന്നാണ് അറിയേണ്ടത്. ബെന്നാമിന്റെ ആടുജീവിതത്തിലെ നജീബിലൂടെ പൃഥ്വിരാജും വിധികര്‍ത്താക്കളുടെ ശ്രദ്ധനേടിയെന്നാണ് സൂചന

കുഞ്ചാക്കോബോബന്‍ നായകനായ ചാവേര്‍, ടൊവീനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 2018 എവരിവണ്‍ ഈസ് എ ഹീറോ  മോഹന്‍ലാലിന്റെ നേര് സുരേഷ് ഗോപിയുടെ ഗരുഡന്‍ തുടങ്ങിയവയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട് തീയറ്ററിലോ ഓവര്‍ ദ ടോപ് പ്ലാറ്റ് ഫോമിലോ വരാത്തതാണ് ഇത്തവണ അവാര്‍ഡ് പരിഗണനയ്ക്ക് വന്ന ഭൂരിഭാഗം  ചിത്രങ്ങളും. അതുകൊണ്ടുതന്നെ ജൂറിയുടെ വിലയിരുത്തല്‍ അപ്രവചനീയം ഉള്ളൊഴുക്കില്‍ പാര്‍വതി തിരുവോത്തും ഉര്‍വ്വശിയും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടുപേരും മികച്ച നടിമാരാകാന്‍ മല്‍സരിക്കുന്നു.ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലെ പുതുമയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശനും പരിഗണനയിലാണെന്ന് അറിയുന്നു

160 ചിത്രങ്ങളില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്.ഇതാണ് ഇത്തവണ ഏറ്റവും വലിയ സവിഷേത. ഇതില്‍ ഉള്ളൊഴുക്ക് സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമി, കണ്ണൂര്‍ സ്വാഡിന്റെ റോബി വര്‍ഗീസ് രാജ്,  ഒറ്റ എന്ന ചിത്രം സംവിധാനം ചെയ്ത ഓസ്കര്‍ ജേതാവുകൂടിയായ റസൂല്‍ പൂക്കുട്ടി, നെയ്മറുമായി വന്ന സുധി മാഡിസണ്‍ തുടങ്ങിയര്‍ ഉള്‍പ്പെടുന്നു. പ്രദര്‍ശനവിജയം നേടിയതും അല്ലാത്തതുമായ 160 ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്ര ചെയര്‍മാനായ ജൂറിക്ക് മുന്നിലെത്തിയത്. സംവിധായകന്‍ പ്രിയനന്ദനന്‍,  സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവര്‍ അധ്യക്ഷന്മാരായ രണ്ട് സബ് കമ്മിറ്റികള്‍ ചിത്രങ്ങള്‍ കണ്ടശേഷം തിരഞ്ഞെടുത്ത അന്‍പതുചിത്രങ്ങളാണ് അന്തിമപരിഗണനയില്‍. ഇവയില്‍ നിന്നാകും പുരസ്കാരങ്ങള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കുക. മുഖ്യജൂറിയുടെ വിധിനിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടന്നു. സബ്കമ്മിറ്റികള്‍ ഒഴിവാക്കിയ ചിത്രങ്ങളും അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്

State Film Award determination continues: