70ാമത് ദേശീയ ചച്ചിത്ര പുരസ്കാര വേദിയില്‍ മൂന്നു പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയാണ് ആനന്ദ് ഏകര്‍ഷിയുടെ ’ആട്ടം’ കൈയ്യടി നേടുന്നത്. മികച്ച ചിത്രം, മികച്ച തിരക്കഥ,മികച്ച എഡിറ്റിംങ് എന്നീ പുരസ്കാരങ്ങളാണ് മലയാളത്തില്‍ നിന്നെത്തിയ ഈ കുഞ്ഞു സിനിമ സ്വന്തമാക്കിയത്.
പ്രണയം,പക, സദാചാരം,പണത്തോടും പദവിയോടുമുള്ള മനുഷ്യന്‍റെ ആസക്തി എന്നീ വിഷയങ്ങളെല്ലാം ഈ സിനിമ ചര്‍ച്ച ചെയ്യുന്നു.
അരങ്ങ് എന്ന നാടക ഗ്രൂപ്പിന്‍റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. നാടകം രക്തത്തിലലിഞ്ഞു ചേര്‍ന്ന പന്ത്രണ്ടു പേര്‍. 11 പുരുഷന്‍മാരും ഒരു നായികയും.വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന വിനയ്, കലാഭവന്‍ ഷാജോണിന്‍റെ ഹരി, സെറിന്‍ ഷിഹാബ് അവതരിപ്പിക്കുന്ന അഞ്ജലിഎന്നിവരാണ് ട്രൂപ്പിലെ പ്രധാന കഥാപാത്രങ്ങള്‍.
അരങ്ങ് ട്രൂപ്പിന്‍റെ നാടകം കണ്ട് ഇഷ്ടപ്പെട്ട വിദേശ ദമ്പതികള്‍ നാടകക്കാര്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കുന്നതും തുടര്‍ന്ന് അവിടെ വെച്ചുണ്ടാകുന്ന സംഭവ വികാസങ്ങളിലുമാണ് ചിത്രം മുന്നോട്ട് പോകുന്നത്.പാര്‍ട്ടിക്കിടെ കൂട്ടത്തിലെ ഏക അഭിനേത്രിയായ അഞ്ജലിക്കു നേരെ ഒരു അതിക്രമം നടക്കുന്നു.എന്നാല്‍ ആരാണ് ഈ അതിക്രമം നടത്തിയതെന്ന് വ്യക്തമല്ല.
ആ സംഭവത്തിനെ നാടകട്രൂപ്പിലെ ഓരോരുത്തരും വിലയിരുത്തുന്നത് ഓരോ രീതിയിലാണ്. ഒരു വിഭാഗം അവളെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം അവളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു.തനിക്കൊപ്പം നില്‍ക്കമെന്നുറപ്പുള്ള ഇടങ്ങളില്‍ നിന്നുപോലും അവള്‍ തഴയപ്പെടുന്നുണ്ട്.
അവളോടുളള വിവിധങ്ങളായുളള സമീപത്തിന് ഓരോരുത്തര്‍ക്കും അവരുടേതായ ന്യായീകരണങ്ങളുമുണ്ട്.ചിലര്‍ തെളിവില്ലെന്ന് പറഞ്ഞ് അവളെ തള്ളിക്കളയുന്നു. മറ്റു ചിലര്‍ പ്രശ്നങ്ങളില്‍ വെറുതെ തലവെക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മാറി നില്‍ക്കുന്നു.
ആശയ സംഘട്ടനങ്ങളുടെ ആഴമേറിയ കയത്തില്‍ മുങ്ങിപ്പൊങ്ങുന്നവരാണ് ഇതിലെ മനുഷ്യരത്രയും.ഒറ്റക്കെട്ടെന്ന് വിചാരിച്ചവര്‍ ഒറ്റയടിക്ക് പലകെട്ടുകളായി രൂപാന്തരപ്പെടുന്നു.
മോഹനവാഗ്ദാങ്ങള്‍ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടി ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ശരിയും തെറ്റും വേര്‍ തിരിച്ചറിയാനാവാത്ത വിധം അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും അവയെ ബോധപൂര്‍വം മറന്നുകളയാനുതകും വിധം പണവും പ്രശസ്തിയും മനുഷ്യനിലുണ്ടാക്കുന്ന സ്വാധീനം അത്രമേല്‍ തീക്ഷ്ണമായാണ് ആനന്ദ് ഏകര്‍ഷി പറഞ്ഞു വെക്കുന്നത്.