ദേശീയ ചലച്ചിത്ര പുരസ്കാര നിറവില്‍ കന്നഡ ചിത്രം കെജിഎഫ്: ചാപ്റ്റര്‍ 2. 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച കന്നഡ ചിത്രത്തിനുളള പുരസ്കാരം യഷ് നായകനായെത്തിയ ആക്ഷന്‍ ചിത്രം കെജിഎഫ് 2 സ്വന്തമാക്കി. 2018-ൽ കന്നഡയിൽ നിന്നുവന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായ കെജിഎഫിന്‍റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് കന്നഡയില്‍ മാത്രമല്ല മലയാളമടക്കം മറ്റു ഭാഷകളിലും വലിയ വിജയമാണ് നേടിയത്. മികച്ച സംഘട്ടന സംവിധായകനുളള ദേശീയ ചലച്ചിത്ര പുരസ്കാരവും കെജിഎഫ് 2 തന്നെ സ്വന്തമാക്കി. സംഘട്ടന സംവിധായകന്‍ അന്‍പറിവാണ് പുരസ്കാര ജേതാവ്.
ആദ്യ ഭാഗമായ കെജിഎഫ് പുറത്തിറങ്ങി മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാം ഭാഗം കെജിഎഫ് 2 എന്ന പേരില്‍ പുറത്തിറങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് : ചാപ്റ്റർ 2 മാറി. ചിത്രത്തില്‍ റോക്കി ഭായ് എന്ന കഥാപാത്രമാണ് കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷ് എത്തിയത്. യഷിന്‍റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടാക്കി ചിത്രവും കെജിഎഫ് തന്നെ.
രണ്ടാം ഭാഗം വന്‍ വിജയം നേടിയതോടെ ചിത്രത്തിന്‍റെ മൂന്നാം ഭാഗവും സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയായതായും യഷ് തന്നെയായിരിക്കും നായകനെന്നും ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരിന്നു. ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിനുള്ള സാധ്യതകൾ പ്രേക്ഷകർക്കു നൽകിയാണ് കെജിഎഫ് രണ്ടാം ഭാഗം അവസാനിച്ചത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കെജിഎഫിന്‍റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത്.
യഷിന് പുറമെ സഞ്ജയ് ദത്ത് , രവീണ ടണ്ഠൻ , ശ്രീനിധി ഷെട്ടി , പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിലാണ് കെജിഎഫ് ഒരുക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ചിത്രം നിര്‍മിച്ചത്.