സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ആടുജീവിതം. മികച്ച നടന്‍, സംവിധായകന്‍ എന്നിവ അടക്കം 9 പുരസ്കാരങ്ങളാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം സ്വന്തമാക്കിയത്. മകന്‍റെ പുരസ്കാര നേട്ടത്തില്‍ ഏറെ സന്തോഷമെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പ്രതികരിച്ചു. അതോടൊപ്പം തന്നെ ആടുജീവിതത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച കെ ആര്‍ ഗോകുലിന് അവാര്‍ഡ് ലഭിച്ചതും വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. അവര്‍ഡ് നിര്‍ണയിച്ച ജൂറിക്കും പ്രേക്ഷകര്‍ക്കും സംവിധായകന്‍ ബ്ലെസിക്കും ദൈവത്തിനും നന്ദിയുണ്ടെന്നും മല്ലിക വ്യക്തമാക്കി. എഴുപുന്നയിലെ ഷൂട്ടിങ് തിരക്കുകള്‍ക്കിയില്‍ നിന്നുമായിരുന്നു മല്ലിക സുകുമാരന്‍റെ പ്രതികരണം.
'ആടുജീവിതം കണ്ട് കരഞ്ഞുപോയി. രാജു കരഞ്ഞുകൊണ്ട് യാത്ര ചോദിക്കുന്ന രംഗം കണ്ട് കണ്ണുനിറഞ്ഞു. അതുപോലെ ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ട്. ജൂറിയോട് നന്ദിയുമുണ്ട്. മിടുക്കന്‍ മോനാണ് ഗോകുല്‍. ആടുജീവിതത്തിന് ഒരുപാട് അവാര്‍ഡുകള്‍ കിട്ടി. ബ്ലെസിയോട് ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്‍റെ ഒരുപാട് വര്‍ഷത്തെ അധ്വാനമാണിത്. ആ ചിത്രത്തിനായി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവന്‍റെ കഷ്ടപ്പാടിനും അഭിനയമികവിനും ലഭിച്ച അംഗീകാരം കൂടിയാണ് മികച്ച നടനുളള പുരസ്കാമെന്നും' മല്ലിക സുകുമാരന്‍ പറഞ്ഞു. നജീബിനെ ഒന്നു കണ്ടാല്‍കൊളളാമെന്നുണ്ടെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മികച്ച നടനുളള പുരസ്കാരം ആടുജീവിതത്തിലൂടെ പൃഥ്വിരാജ് സ്വന്തമാക്കിയപ്പോള്‍ മികച്ച സംവിധായകനുളള പുരസ്കാരം ആടുജീവിതത്തിലൂടെ ബ്ലെസിയും നേടി. അഭിനയത്തിനുളള പ്രത്യേക ജൂറി പരാമര്‍ശം കെ ആർ ഗോകുല്‍, മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ്, മികച്ച ശബ്‍ദമിശ്രണം റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ, മികച്ച അവലംബിത തിരക്കഥ ബ്ലെസി, മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം ആടുജീവിതം എന്നിങ്ങനെ 9 പുരസ്കാരങ്ങളാണ് നജീബ് എന്ന പ്രവാസിയുടെ കഥ പറഞ്ഞ ആടുജീവിതം സ്വന്തമാക്കിയത്.