amitabh-bachan-programme

TOPICS COVERED

വീട്ടിൽ ശൗചാലയം നിർമിച്ച് നൽകാമെന്ന് യുവാവിന് ഉറപ്പുനൽകി അമിതാഭ് ബച്ചൻ. പ്രശസ്ത ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ ക്രോർപതിയിൽ മത്സരിക്കാനെത്തിയ യുപിയിലെ പ്രതാപ്ഘട്ടിലെ ആഗൈ എന്ന ഗ്രാമത്തിൽനിന്നുള്ള ജയന്ത ഡ്യൂലെ എന്ന യുവാവിനാണ് താരത്തിന്‍റെ ഉറപ്പ്. കൂടാതെ, യുവാവിന്‍റെ ഗ്രാമത്തില്‍ ശുചിത്വ പരിപാടികള്‍ ഊർജിതമാക്കാൻ അമിതാഭ് ബച്ചൻ ആവശ്യപ്പെടുകയും ചെയ്തു.

ജയന്തയും സഹോദരിയും കൂടെയാണ് പരിപാടിയില്‍ മല്‍സരിക്കാനെത്തിയത്. ആദ്യ റൗണ്ട് വിജയിച്ച ശേഷം തന്‍റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് യുവാവ് പരിപാടിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടി വീട്ടിലൊരു ശൗചാലയം നിർമിക്കുക എന്നതായിരുന്നു യുവാവിന്‍റെ സ്വപ്നം. 

വീട്ടില്‍ ശൗചാലയമില്ലാത്തതിന്‍റെ പ്രശ്നങ്ങളുമായി അമ്മ പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്. എന്നാല്‍ തുറസായ സ്ഥലത്ത് കുളിക്കുകയും മറ്റുകാര്യങ്ങള്‍ ചെയ്യുന്നതും സഹോദരിയെ സംബന്ധിച്ചിടത്തോളം വളരെ നാണം തോന്നിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ കാര്യമാണ്, അതിനൊരു പരിഹാരം വേണമെന്നാണ് യുവാവ് പറഞ്ഞത്. 

അടിസ്ഥാനസൗകര്യങ്ങള്‍  ഇല്ലാത്ത സ്ഥലങ്ങള്‍ ഇന്നും നമ്മുടെ ഇന്ത്യയിലുണ്ടെന്ന് അറിയുമ്പോള്‍ വിഷമം ഉണ്ടാക്കുന്നുവെന്നും ജയന്തയുടെ സഹോദരിക്കും അമ്മയ്ക്കും തുറസായ സ്ഥലത്ത് കുളിക്കേണ്ടി വരുന്നുവെന്ന് അറിഞ്ഞത് വളരെ വേദനാജനകവും ലജ്ജാകരവുമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ശൗചാലയം നിര്‍മിക്കാനാവശ്യമായ തുക എത്രയാണെന്നും അമിതാഭ് ബച്ചന്‍ യുവാവിനോട് ചോ‍ദിച്ചറിഞ്ഞു. 

നാല്പതിനായിരമോ അമ്പതിനായിരമോ ആകുമെന്ന് ജയന്ത മറുപടി നൽകി നല്‍കിയപ്പോള്‍ ഈ പരിപാടിയില്‍ ജയിച്ചാലും ഇല്ലെങ്കിലും നിനക്ക് മനസമാധാനത്തോടെ ഇവിടെ നിന്നു പോകാമെന്നും നിങ്ങള്‍ക്ക് വീട്ടില്‍ ശൗചാലയം നിര്‍മിച്ചു നല്‍കുമെന്നും താരം യുവാവിന് ഉറപ്പു നല്‍കി.