സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി മാളവിക മേനോന്‍. ലൈസന്‍സുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കില്‍ നന്നായിരിക്കുമെന്നും താരം പറഞ്ഞു. താന്‍ ഏത് വസ്ത്രമാണ് ഒരു ചടങ്ങിനിറങ്ങുമ്പോള്‍ ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ചുചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞു. താരങ്ങളെ വെച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും ജീവിക്കുന്നുണ്ടെങ്കില്‍ ജീവിക്കട്ടെയെന്നും തനിക്ക് അതില്‍ സന്തോഷമേയുള്ളു എന്നും താരം പറഞ്ഞു.

മാളവികയുടെ വാക്കുകള്‍

ഏത് മേഖലയിലാണെങ്കിലും സ്ത്രീകള്‍ ആഗ്രഹിച്ച കാര്യമാണ് അവര്‍ക്ക് അവരുടേതായ ഇടവും പ്രാധാന്യവും ലഭിക്കണമെന്ന്. അമ്മയിൽ മാറ്റം വന്നിട്ടുണ്ട്, നേത്യ നിരയിലേക്ക് സ്ത്രികൾ വരുമ്പോൾ മാറ്റം വരുന്നുണ്ട്. അനന്യ, സരയു അടക്കമുള്ള താരങ്ങൾ അമ്മയുടെ പ്രധാന സ്ഥാനങ്ങളിലുണ്ട്. അവര്‍ അവരുടെ കര്‍തവ്യങ്ങള്‍ നന്നായി നിര്‍വഹിക്കുന്നുമുണ്ട്. 

സോഷ്യല്‍ മീഡിയയ്ക്ക് ഇത്രയും പ്രാധാന്യമുള്ള സമയമുള്ളതുകൊണ്ടാണ് ഒരു ലൈസന്‍സുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങളെത്തിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നമ്മളെ നേരിട്ട് അറിയാത്ത ആളുകളായിരിക്കും ഇതൊക്കെ പറയുന്നത്. അത് മോശമായി തോന്നിയിട്ടുണ്ട്. പറയാനുള്ളത് നല്ല രീതിയില്‍ പറയാമല്ലോ. ഒരാളെ വേദനിപ്പിച്ചുകൊണ്ടോ തരംതാഴ്ത്തിക്കൊണ്ടോ പറയേണ്ടതില്ലെന്നാണ് തോന്നിയിട്ടുള്ളത്. 

യുട്യൂബ് ചാനലുകള്‍ക്ക് കടിഞ്ഞാണ്‍ ഉണ്ടെങ്കില്‍ നന്നായിരിക്കും. മോശം മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് അവര്‍ ആരുടെ മുഖമാണ് അതില്‍ കാണിക്കുന്നത് അവര്‍ക്കാണ്. മറ്റുള്ളവര്‍ അവരെ എങ്ങനെകാണും എന്നതിനെക്കുറിച്ച് ഇവരൊന്നും ആലോചിക്കുന്നുപോലുമില്ല. ഒരു കാര്യം നന്നായി അവതരിപ്പിക്കാമല്ലോ. 

പേജിന് വ്യൂസ് കൂട്ടാന്‍ അവര്‍ക്ക് എന്ത് കണ്ടന്‍റ് ആണോ ആവശ്യം അവര്‍ അത് ഇടും. ഞാന്‍ ഒരു ചടങ്ങിന് പോയിരുന്നു. അന്ന് ഞാന്‍ ചുരിദാറായിരുന്നു ധരിച്ചിരുന്നത്. അന്ന് ചില ഓണ്‍ലൈന്‍ ചാനലുകള്‍ എന്‍റെ കൂടെയുള്ളവരെ വിളിച്ച് ചോദിച്ചു എന്താണ് എന്‍റെ ഡ്രെസ്സെന്ന്. അതിന് ശേഷം അവര് പറഞ്ഞു, ഞങ്ങള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യില്ല, കണ്ടന്‍റായിട്ട് ഒന്നും കിട്ടിയില്ലാന്ന്. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു എന്ത് ചിന്തയാണിത്. പോസ്റ്റ് ചെയ്തില്ലെങ്കില്‍ പോസ്റ്റ് ചെയ്യണ്ട. എന്‍റെ കൂടെയുള്ളവര്‍ അതിന് അനുസരിച്ചുള്ള മറുപടിയും കൊടുത്തു. പിന്നെ ഞാന്‍ ആലോചിച്ചു ഞങ്ങളെ എല്ലാവരെയും വെച്ച് അവര്‍ ജീവിക്കുന്നുണ്ടെങ്കില്‍ ജീവിക്കട്ടെ, എനിക്ക് അതില്‍ സന്തോഷമേയുള്ളു.

ENGLISH SUMMARY:

Actress Malavika Menon reacts to cyber attacks