മലയാള സിനിമയിലെ താരങ്ങള്‍ തമ്മില്‍ അധികാര ശ്രേണിയുടെയോ വലിപ്പ ചെറുപ്പങ്ങളുടെയോ പ്രശ്നങ്ങളില്ലെന്ന് നടന്‍ ആസിഫ് അലി. ഇന്ത്യയിലെ മറ്റ് സിനിമക്കാർ ഇക്കാര്യം പറയാറുണ്ടെന്നും അവിടെയൊക്കെ അധികാര ശ്രേണിയുണ്ടെന്നും താരം പറഞ്ഞു. വയനാട്ടിലെ ദുരിതബാധിതര്‍ കരകയറുന്നത് വരെ അവര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും അതിനായി ശ്രമിക്കുമെന്നും താരം പറഞ്ഞു.

ആസിഫ് അലിയുടെ വാക്കുകള്‍

സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ പോലെയാണ് എല്ലാവരും തിരക്കുകളെല്ലാം മാറ്റിവെച്ച് ഒന്നിച്ച് ഇവിടെ വന്ന് ആഘോഷമാക്കുന്ന ദിവസങ്ങളാണ്. ചെറുപ്പംമുതലെ ടിവിയില്‍ കാണുന്ന എല്ലാവരെയും ഇവിടെ കാണാം എന്നൊരു എക്സൈറ്റ്മെന്‍റുണ്ട്. ഇന്ത്യയിലെ എല്ലാ സിനിമ മേഖലയില്‍ നിന്നുള്ളവരും പറയുന്ന കാര്യമാണ് ഇത്. ബാക്കിയുള്ള ഭാഷകളിലൊന്നും ഇങ്ങനെ എല്ലാവരും ഒന്നിച്ചിരുക്കുന്നതും യാത്ര ചെയ്യുന്നതുമൊന്നും കാണാന്‍ കഴിയില്ല. അവിടെയൊക്കെ അധികാര ശ്രേണിയുണ്ട്. ഇവിടെ എപ്പോഴും എല്ലാവരും ഒന്നിച്ചുള്ള ഒരു പൊളിയാണ്. 

വയനാടിനൊപ്പമെന്ന് പറയുമ്പോഴെല്ലാം നമ്മള്‍ പറയുന്ന കാര്യമാണ് ആ ദുരന്തം നടന്ന് കുറച്ച് സമയത്തേക്ക് മാത്രമല്ല അവര്‍ അതില്‍ നിന്ന് കരകയറുന്നത് വരെ അവര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അതിനാണ് ശ്രമിക്കുന്നതും. സംഭാവനയായിട്ട് മാത്രമല്ല, നമ്മളെക്കൊണ്ട് പറ്റുന്ന എല്ലാത്തരത്തിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചും അവര്‍ക്കൊപ്പം നില്‍ക്കും. അമ്മയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഒരു ശ്രമം ഏറെ അഭിമാനകരവും സന്തോഷവുമാണ്. 

സമൂഹവുമായി ഏറ്റവും അടുത്ത് ഇടപെഴകുന്ന ആളുകളാണ് കലാകാരന്‍മാര്‍. നേരിട്ട് കാണുന്നില്ലെങ്കിലും തമ്മില്‍ ഒരു അടുപ്പമുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്. അത് സമൂഹത്തോട് നമുക്കുള്ളൊരു പ്രതിബന്ധതയാണ്. സിദ്ദിഖ് ഇക്കയുടെ നേതൃത്വം ഗംഭീരമാണ്. പുതിയകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ENGLISH SUMMARY:

Asif Ali says there is no hierarchy in Malayalam cinema