ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് നല്‍കിയ മറുപടി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ന‍ടന്‍ വിനയ് ഫോര്‍ട്ട്. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് താരം ക്ഷമചോദിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ദൈര്‍ഘ്യമേറിയതും ഗൗരവമുള്ളതുമാണ് അതിനെ കുറിച്ച് സംസാരിക്കണമെങ്കില്‍ പഠിച്ചിട്ട് പ്രതികരിക്കണം. വായില്‍തോന്നുന്നത് വിളിച്ചു പറയുന്നത് വിഡ്ഢിത്തമാണെന്നും വിനയ് പറഞ്ഞു. 

വിനയ് ഫോര്‍ട്ടിന്‍റെ വാക്കുകളിലേക്ക്... 

‘ഫൂട്ടേജെന്ന സിനിമയുടെ പ്രിവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോളാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സിനിമ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ എപ്പോളും തമാശ പറയുന്ന എന്‍റെ വളരെ അടുത്ത ചില ഓണ്‍ലൈന്‍ സുഹൃത്തുക്കളെ കണ്ടു. അവര്‍‌ സിനിമയുടെ റിവ്യൂ ചോദിക്കാനാണ് വന്നതെന്നാണ് കരുതിയത് പക്ഷേ അവരെന്നോട് ചോദിച്ചത് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചാണ്. വളരെ ദീര്‍ഘമേറിയ, ഗൗരവമുള്ള ഒന്നാണത്. അതിനെ കുറിച്ച് സംസാരിക്കണമെങ്കില്‍ നമ്മള്‍ അതിനെ കുറിച്ച് പഠിക്കണം. എന്നിട്ട് പ്രതികരിക്കണം. അല്ലാതെ വായില്‍തോന്നുന്നത് വിളിച്ചു പറയുന്നത് വിഡ്ഢിത്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരോട് പറഞ്ഞകാര്യങ്ങളില്‍ ഒരു ഭാഗമാണ് പ്രചരിക്കുന്നത്. അത് വീണ്ടും കണ്ടപ്പോള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പോലെ ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട രീതിയിലായിരുന്നില്ല എന്‍റെ ശരീരഭാഷയെന്ന് എനിക്ക് തോന്നി. അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചു. ആരെയെങ്കിലും പ്രതികരണം വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു’ 

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള വിനയ് ഫോര്‍ട്ടിന്‍റെ പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ‘പത്തിരുന്നൂറ്റിയഞ്ച് പേജുള്ള എന്തോ വന്നിട്ടില്ലേ. ഞാനത് വായിച്ചിട്ടില്ല. ഇത്ര സമയമേയുള്ളൂ, അതിന്‍റെ ഇടയില്‍ വേറെ പരിപാടിയുണ്ട്’ എന്നായിരുന്നു വിനയ് ഫോര്‍ട്ടിന്‍റെ പ്രതികരണം 

ENGLISH SUMMARY:

Actor Vinay Fort apologized if anyone was hurt by his unexpected answer to the online media's question about Hema Committe Report.