modi-shraddha

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറികടന്ന് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍. 91.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധയ്ക്കുള്ളത്. അതേസമയം, 91.3 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്.

ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയായി ശ്രദ്ധ മാറി. ക്രിക്കറ്റ് ഐക്കൺ വിരാട് കോലിയും പ്രിയനടി പ്രിയങ്ക ചോപ്രയുമാണ് ആദ്യരണ്ടു സ്ഥാനങ്ങളില്‍. കോലിക്ക് 270 മില്യണ്‍ ഫോളോവേഴ്സും പ്രിയങ്കയ്ക്ക് 91.8 മില്യണ്‍ ഫോളോവേഴ്സുമാണുള്ളത്. 85.1 മില്യണ്‍ ഫോളോവേഴ്സുമായി ആലിയ ഭട്ട്, 79.8 മില്യണുമായി ദീപിക പദുക്കോണ്‍ എന്നിവരും പിറകേയുണ്ട്.

എക്‌സില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോകനേതാവാണ് മോദി. ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘എക്സിൽ’ പിന്തുടരുന്നവരുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ പിന്തുടരുന്ന 10 അക്കൗണ്ടുകളിൽ ഒന്നാണ് നരേന്ദ്രമോദിയുടെ എക്സ് അക്കൗണ്ട്.മറ്റ് ലോക നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ കൂടുതല്‍ ഫോളോവേഴ്സാണ് നരേന്ദ്രമോദിക്കുള്ളത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരെല്ലാം എക്സിലെ ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ മോദിക്ക് പിന്നിലാണ്.

അതേസമയം, അമർ കൗശിക് സംവിധാനം ചെയ്ത തന്‍റെ പുതിയ ചിത്രം സ്‌ട്രീ 2ന്‍റെ വിജയാഘോഷത്തിലാണ് ശ്രദ്ധ കപൂര്‍. ആറാം ദിവസം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 25 കോടി രൂപ ചിത്രംനേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചിത്രത്തിന്‍റെ ആകെ കളക്ഷൻ 254.55 കോടി രൂപയായി.

ENGLISH SUMMARY:

Bollywood star Shraddha Kapoor has surpassed Prime Minister Narendra Modi in the number of Instagram followers.