ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ നടന്ന വെളിപ്പെടുത്തലുകളിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയുടെ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ചു. വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു. ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും ആരോഗ്യ ചികില്‍സയ്ക്ക് നല്‍കുന്ന സഹായവും തടസമില്ലാതെ ലഭ്യമാക്കുന്നതിനും പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി താല്‍ക്കാലിക സംവിധാനമായി നിലവിലെ ഭരണസമിതി തുടരുമെന്നും വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. 

കുറിപ്പിങ്ങനെ.. 'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു .രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു.പിന്നാലെ ആക്ടിങ് ജനറല്‍ സെക്രട്ടറിയായ ബാബുരാജിനെതിരെ മുന്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ലൈംഗിക പീഡന പരാതിയും നല്‍കി. താരങ്ങള്‍ അമ്മയില്‍ നല്‍കിയ പരാതികള്‍ ഉള്‍പ്പടെ പരിഹരിക്കുന്നതില്‍ ഗുരുതര വീഴ്ച സംഘടനയ്ക്ക് സംഭവിച്ചുവെന്ന് അംഗങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു. അമ്മ ശക്തമായ നിലപാടെടുക്കണമെന്ന് ഉര്‍വശിയും, ജഗദീഷും അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് പൃഥ്വിരാജും മാധ്യമങ്ങളോട് പറഞ്ഞു. ശ്വേത മേനോനടക്കമുള്ളവരും പരസ്യമായി രംഗത്തെത്തി. ആരോപണങ്ങളിലും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമൊടുവില്‍ നിലവിലെ ഭരണസമിതി പിരിച്ചുവിടുന്നതായി ഇപ്പോള്‍ സംഘടന കുറിപ്പിറക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

AMMA will have new governing body with in two months, Says Mohanlal.