വിജയ് ചിത്രത്തിന് കേരളത്തില്‍ എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ എത്തുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗോട്ടിന്‍റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. സെപ്തംബര്‍ 5 നാണ് സിനിമ തിയേറ്ററുകളിലെത്തുക. ദ ഗോട്ടിന്റെ യുഎഇയില്‍ പ്രീമിയര്‍ ഷോ ഇന്ത്യൻ സമയം പുലര്‍ച്ചെ നാലിനാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും പുലര്‍ച്ചെ നാല് മണിക്ക് ഷോ സംഘടിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകളുള്ളത്. സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍കാരായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
യുഎസില്‍ നിലവില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. അഡ്വാൻസായി ദ ഗോട്ട് 1.44 കോടി രൂപ നേടിയെന്നാണ് യുഎസ് കളക്ഷൻ റിപ്പോര്‍ട്ട്. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ദ ഗോട്ടിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. 1204 സ്‍ക്രീനുകളിലാണ് നിലവില്‍ ഹിന്ദിയില്‍ റീലീസുള്ളത്. , കേരളത്തിൽ ഏതാണ്ട് 702 സ്‍ക്രീനുകളിലുമായാണ് റിലീസ് ഉണ്ടാവുക.
സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ കെ.ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി.എസ്.ഗണേഷ്, കൽപാത്തി എസ്.സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. കൂടാതെ, പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.