പഴയ ടിക്ടോക് വിഡിയോ പ്രചരിപ്പിച്ച് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി നടി ശാലിന്‍ സോയ രംഗത്ത്. ഇതിനെക്കുറിച്ച് എന്ത് പറയാനാണ്? സൈബറിടത്തെ മോശം പ്രവണതയാണിത്. സൈബര്‍ ലോകം ക്രൂരമാണ്. പേരില്ലാത്ത ഇക്കൂട്ടരെ ഞാന്‍ വെറുക്കുന്നു എന്നാണ് ശാലിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്.
‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക്ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്.
വിഡിയോ പങ്കുവച്ച് ഇത്രയും കാലത്തിനുശേഷം അത് കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ പറയൂ. ഞാനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം.
പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു’ എന്നാണ് ശാലിൻ സോയ കുറിച്ചിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ വിഡിയോ ശാലിൻ ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടെ ഈ വിഡിയോയും ട്രോൾ രൂപത്തിൽ വൈറലായി. ഇതോടെയാണ് ശാലിൻ വിശദീകരണവുമായി രംഗത്തെത്തിയത്.
നേരത്തെ നടന്‍ സിദ്ദിഖുമായുള്ള ദൃശ്യങ്ങള്‍ മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നതെന്ന് പറഞ്ഞ് നടി ബീന ആന്‍റണിയും രംഗത്തെത്തിയിരുന്നു. സിദ്ദിഖിന്‍റെ മകന്‍ മരിച്ച സമയത്ത് എത്താന്‍ കഴിഞ്ഞില്ല, പിന്നീട് നേരിട്ട് കണ്ടപ്പോള്‍ ആശ്വസിപ്പിക്കുന്ന ദൃശ്യമാണ് മോശമായി പ്രചരിപ്പിച്ചതെന്ന് ബീന ആന്‍റണി. സിനിമയില്‍ തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. സഹകരിക്കാത്തതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും, സിനിമയെ മൊത്തത്തില്‍ താറടിച്ചു കാണിക്കുന്നത് ശരിയല്ലെന്നും ബീന ആന്‍റണി മനോരമ ന്യൂസിനോട് പറഞ്ഞു.