TOPICS COVERED

അന്തരിച്ച നടി ശ്രീവിദ്യയെ അനുകരിച്ച് നടി വീണ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.  ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന ഗാനരംഗത്തിലെ ശ്രീവിദ്യയെ ആണ് വീണ അവതരിപ്പിച്ചിരുന്നത്. ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു എന്നുപറഞ്ഞാണ് വീണ വിഡിയോ പങ്കുവച്ചത്.  വസ്ത്രധാരണത്തിലും ആഭരണങ്ങളിലും ഹെയർസ്റ്റൈലിലും മേക്കപ്പിലുമെല്ലാം ശ്രീവിദ്യയെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ച വീണയുടെ വിഡിയോ പ്രേക്ഷകര്‍ അഭിനന്ദിക്കുകയും ചെയ്​തിരുന്നു. 

ഇപ്പോഴിതാ വീണ്ടും ശ്രീവിദ്യയുടെ കഥാപാത്രമാവുകയാണ് വീണ. ഇത്തവണ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'ദളപതി' എന്ന തമിഴ്​ചിത്രത്തിലെ ശ്രീവിദ്യയുടെ കല്യാണിയായാണ് വീണ മാറിയിരിക്കുന്നത്. ചിത്രത്തിലെ നായകനായ രജിനികാന്തിന്‍റെ അമ്മയെയാണ് ശ്രീവിദ്യം അവതരിപ്പിച്ചത്. 'ശ്രീവിദ്യാമ്മയുടെ അഭിനയത്തിന്‍റേയോ, സൗന്ദര്യത്തിന്‍റേയോ അടുത്തൂടെ പോവില്ല ഞാൻ . ഇതും ഒരു ശ്രമം മാത്രം . തെറ്റുകൾ ഉണ്ട് ക്ഷമിക്കുക,' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിഡിയോക്ക് പിന്നാലെ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ബോക്​സില്‍ എത്തി. അതേസമയം നെഗറ്റീവ് കമന്‍റുകളും നിരവധിയാണ് വരുന്നത്. വീണയെ പരിഹസിച്ചും ആക്രമിച്ചുമുള്ള കമന്‍റുകളുണ്ട്. ഇതിനെതിരെ താരത്തെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. വീണ ഒരു കലാകാരിയാണെന്നും ഇതൊരു പരിശ്രമമാണെന്നും ചിലര്‍ കുറിച്ചു. അഭിനന്ദിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കൂ എന്നും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

Actress Veena Nair again imitates the character of Srividya in Thalapathy movie