TOPICS COVERED

ജയസൂര്യക്കെതിരായ പീഡന ആരോപണം തന്നെ ഞെട്ടിച്ചുവെന്ന് നടി നൈല ഉഷ. അദ്ദേഹം തന്‍റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ പരാതി ഉയര്‍ന്നതിനുശേഷം അദ്ദേഹത്തോട് സംസാരിച്ചില്ലെന്നും നൈല പറഞ്ഞു. പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും മാറ്റം ഇവിടെ തുടങ്ങട്ടെയെന്നും ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നൈല പറഞ്ഞു. 

'ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് എന്റെ ഞെട്ടൽ. സിനിമയിൽ നിന്ന് ദുരനുഭവങ്ങൾ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ടു തന്നെ പറയട്ടെ, എനിക്ക് മോശമായ അനുഭവങ്ങളൊന്നും മലയാളം സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല. ഞാൻ ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാൻ ക്ഷണിക്കപ്പെട്ടതാണ്. എനിക്കു വേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തു തന്നിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ്, മികച്ച ഹോട്ടലിൽ താമസം, ആവശ്യപ്പെടുന്ന സഹായികൾ... അങ്ങനെ എല്ലാം ചെയ്തു തന്നിട്ടുണ്ട്. അങ്ങനെയൊരു പ്രിവിലേജ് എനിക്ക് ഉണ്ടായിരുന്നു. അതു ഞാൻ സമ്മതിക്കുന്നു. പക്ഷേ, അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ് ഞാൻ നിൽക്കുക.

സിനിമയിലേക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷൻ വഴി അവസരം ചോദിച്ചു വരുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇങ്ങനെ വരുന്നവരിൽ ചിലർക്കാണ് 'അഡ്ജസ്റ്റ്മെന്റ്' ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ആരും ഇത്തരം അനുഭവങ്ങൾ  നേരിട്ടതായി പറഞ്ഞിട്ടില്ല. അതേസമയം, പ്രതിഫലം കൃത്യമായി ലഭിക്കാത്തതും അധികനേരം ജോലി ചെയ്യേണ്ടി വരുന്നതുമായ കാര്യങ്ങൾ ചർച്ചയാകാറുണ്ട്. ഞാൻ പറഞ്ഞു വന്നത്, അവസരത്തിനു വേണ്ടി ആരെയെങ്കിലും ലൈംഗികമായി സമീപിച്ചതായി നേരിൽ ആരും എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ, ഇങ്ങനെ സംഭവിക്കുന്നതായി എനിക്ക് അറിയാം. പക്ഷേ, ആരും എന്നോട് നേരിട്ട് തുറന്നു പറഞ്ഞിട്ടില്ല.

എന്റെ ആദ്യ ചിത്രം റിലീസ് ആകുന്നതിനു മുൻപാണ് ഞാൻ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ്. അദ്ദേഹത്തിനൊപ്പം സിനിമയിൽ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. പെട്ടെന്നു വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്... ഒരു ആശംസാ വിഡിയോ തരാമോ എന്നൊക്കെ പറയാൻ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു. അതിനുശേഷം, ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സർപ്രൈസ് ആയെന്നു പറയുമ്പോൾ, ഞാൻ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നിൽക്കുന്നുവെന്നോ അർഥമില്ല.

ഇതിനു മുൻപും പല സ്ത്രീകളും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചിലർ പരാതി കൊടുത്തു. ചിലർ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞു. പക്ഷേ, അതൊന്നും വേണ്ട ഗൗരവത്തിൽ സ്വീകരിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. എനിക്കു തോന്നുന്നു, ഇതാണ് അനുയോജ്യമായ സമയം. ഇനിയെങ്കിലും അത്തരം പരാതികൾ ഗൗരവത്തോടെ സ്വീകരിക്കും. മാറ്റം ഇവിടെ നിന്നു തുടങ്ങട്ടെ.

ജോമോൾ അവരുടെ അനുഭവമാണ് പറഞ്ഞത്. എന്നോടു ചോദിച്ചാൽ എനിക്കു ദുരനുഭവങ്ങൾ ഇല്ല. പക്ഷേ, അത്തരം പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പമാണ് ഞാൻ നിൽക്കുക. പക്ഷേ, ആ സമയത്ത് ജോമോൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല. ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് നേരിട്ട് അത്തരം അനുഭവങ്ങൾ ഇല്ലെങ്കിലും നിങ്ങൾ ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നും സ്വാഭാവികമായി കേൾക്കുമല്ലോ. സിനിമ മോശമാണെന്നു പറഞ്ഞ് ഞാൻ ആരുടെയും സിനിമാസ്വപ്നങ്ങളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് സിനിമയോട് വലിയ ആദരവുണ്ട്. സ്നേഹമുണ്ട്. ഏതൊരാൾക്കും സിനിമയെന്ന സ്വപ്നം പിന്തുടരാൻ കഴിയണം. എന്തായാലും മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്. ചിലപ്പോൾ ആളുകൾ നിങ്ങളുടെ കതകിൽ മുട്ടിയേക്കാം, എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. പക്ഷേ, ധൈര്യത്തോടെ 'നോ' പറയണം,' നൈല ഉഷ പറഞ്ഞു. 

ENGLISH SUMMARY:

Actress Naila Usha says she was shocked by the harassment allegations against Jayasurya