കഴിഞ്ഞ ആഴ്ച ആയിരുന്നു നടന്‍ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. സോഷ്യല്‍മീഡിയയിലും ഇവരുടെ വിഡിയോകളും ഫോട്ടോകളും വൈറലായിരുന്നു. തമിഴ്‌നാട് സ്വദേശിയായ, ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അശ്വിന്‍ ഗണേഷാണ് ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ, വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് ദിയ. ഇരുവരുടെയും കല്യാണം കഴിഞ്ഞ വര്‍ഷം കഴിഞ്ഞിരുന്നുവെന്നാണ് ദിയയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ആഴ്ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിച്ചതിന്‍റെ വിഡിയോയും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതുമെല്ലാം വിഡിയോയില്‍ ഉണ്ട്. താലി കെട്ടുന്ന സമയത്ത് ചുറ്റുമുള്ളവര്‍ പൂക്കള്‍ ഇടുന്നതും വ്യക്തമാണ്. പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്‍റെ വസ്ത്രം.
സെപ്റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പ്രോമിസ് ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണിത് എന്നാണ് വിഡിയോയില്‍ ദിയ കുറിച്ചിരിക്കുന്നത്.