ഗര്‍ഭിണിയായിരുന്ന സമയത്തും സിനിമയില്‍ സജീവമായി അഭിനയിച്ച അനുഭവം പങ്കുവച്ച് ഉര്‍വശി. മകളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പു വരെ താന്‍ ഒരു തമിഴ്സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും അതില്‍ താന്‍ ഡപ്പാന്‍കുത്ത് ഡാന്‍സ് കളിച്ചുവെന്നും ഉര്‍വശി പറഞ്ഞു. മനോരമ ന്യൂസ് നേരെ ചൊവ്വേ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
'ഞാന്‍ മോളെ പ്രസവിക്കുന്നതിന് ഒരാഴ്ച മുന്‍പുവരെ ഡപ്പാന്‍കൂത്ത് ഡാന്‍സ് വരെ ചെയ്തു. സത്യമാണ് പറയുന്നത്, തമിഴ് സിനിമയില്‍ ചെയ്തു. എന്‍റെ കൂടെ അഭിനയിച്ച പ്രഭു, റോജ തുടങ്ങിയവരൊക്കെ ‘അയ്യോ മാഡം, അതൊക്കെ ചെയ്യണോ’എന്ന് ചോദിച്ചു. ഇരുന്ന് എഴുന്നേല്‍ക്കുന്ന തരത്തിലുള്ള ഡപ്പാന്‍കൂത്താണ്. ആ സിനിമയുടെ ക്ലൈമാക്സില്‍ ജീപ്പില്‍ പോയി മലമുകളില്‍ നിന്ന് ഉരുണ്ടുവീഴുന്ന സീനൊക്കെയുണ്ട്. അവരെല്ലാംകൂടി പറഞ്ഞ് എന്നെ ആ സീനില്‍ നിന്ന് ഒഴിവാക്കി. അവിടവിടെ എന്‍റെ ക്ലോസപ്പൊക്കെയിട്ട് മാച്ച് ചെയ്തെടുത്തു. അല്ലെങ്കില്‍ ഞാന്‍ ആ സീനും പോയി വര്‍ക്ക് ചെയ്തേനെ. അത് നമ്മുടെ സാഹചര്യമാണ്. പിന്നെ ഏറ്റുപോയ പടം തീര്‍ക്കേണ്ടേ? അപ്പോള്‍ എനിക്ക് അത് തോന്നിയിട്ടില്ല. ഇപ്പോഴും അതുപോലെ തന്നെ. ഞാന്‍ ഉത്തമപുത്രന്‍ എന്ന പടം ഡബ് ചെയ്തു. കമല്‍ സാറ് പറഞ്ഞു, ‘വിശ്വസിക്കാനേ പറ്റില്ല ഇതിനെ... എത്രമാസം ഗര്‍ഭിണിയാണെന്നുപോലും നമ്മളോട് പറഞ്ഞിട്ടില്ല. ഉടനേയെങ്ങാനും പ്രസവിച്ചുകഴിഞ്ഞാല്‍ ഡബ്ബിങ് അവിടെ നിന്നുപോകും’ എന്നുപറഞ്ഞ് ഡബ്ബിങ് തീര്‍ത്തു. പിറ്റേന്ന് ആശുപത്രിയില്‍ പോയി. പ്രസവിച്ചു, കുഞ്ഞിനെ കൊണ്ടുവന്നു.
പത്താംദിവസമായപ്പോള്‍ തീര്‍ക്കാനുള്ള ഒരു പടത്തിന്‍റെ വര്‍ക്കിന് പോയി. എ.വി.എം. സ്റ്റുഡിയോയിലാണ്. ‘കാരവനില്‍ മാഡം കുഞ്ഞിനെയും കൊണ്ട് ഇരുന്നുകൊള്ളു’ എന്നുപറഞ്ഞു. ‘ആ സീനില്‍ ഇരിക്കുന്നതേയുള്ളു. കുടുംബപ്രശ്നം തീര്‍ക്കുന്ന തരത്തിലുള്ള കഥാപാത്രമാണ്. ഇരുന്നുസംസാരിക്കുന്നതേയുള്ളു. ദയവുചെയ്തുവരണം’ എന്നുപറഞ്ഞാണ് അവര്‍ വിളിച്ചത്. ഞാന്‍ എ.വി.എം. സ്റ്റുഡിയോയില്‍ കൊച്ചിനെയും അനുയായികളെയും പരിവാരങ്ങളെയും എല്ലാവരെയും കൊണ്ടുപോയി. ചേട്ടനും വന്നു. അവിടെ ഇരിക്കുന്നു. ഷോട്ട് റെഡി എന്നുപറയുന്നു. പതുക്കെ ഇറങ്ങിപ്പോകും. ഞാന്‍ കാരവനില്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോള്‍ ചുറ്റിലും ഇരിക്കുന്നവര്‍ക്ക് ആശങ്കയാണ്. ‘അയ്യയ്യോ, പ്രസവിച്ചിട്ട് പത്തുദിവസമേ ആയുള്ളു’ എന്നാണ് പറയുന്നത്. പക്ഷേ എനിക്ക് എന്തോ അതില്‍ ഒന്നും തോന്നിയില്ല,' ഉര്‍വശി പറഞ്ഞു.
ഉര്‍വശി പങ്കെടുത്ത ‘നേരെ ചൊവ്വേ’ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.