സ്റ്റാർഡം ഒട്ടും കാണിക്കാത്ത പച്ചയായ മനുഷ്യനാണ് സൂര്യയെന്ന് നടി രജീഷ വിജയൻ. മഴവില്‍ എന്റർടെയ്ൻമെന്റ് അവാര്‍ഡ് താരനിശയുടെ പരിശീലന ക്യാംപില്‍ വന്നപ്പോഴായിരുന്നു രജീഷ സൂര്യയെപ്പറ്റി പറഞ്ഞത്. സൂര്യയെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീമില്‍ രജീഷയായിരുന്നു നായിക. ഷൂട്ടിങ് സമയത്തെ അനുഭവമാണ് രജീഷ പങ്കിട്ടത്. 

സൂര്യ സാറിനെ കണ്ടപ്പോ എന്റെ കിളി പോയി. അടിപൊളിയൊരു ജെന്റിൽമാനാണ് അദ്ദേഹം. ബ്രില്യന്റ് ആക്ടറാണ്. സൂര്യ സാറിന്റെ കാരവനിലേക്ക് എന്നെയും ലിജോ മോളെയും വിളിച്ച് ഡയറക്ടർ പരിചയപ്പെടുത്തുമ്പോൾ, എനിക്കൊന്നും സംസാരിക്കാൻ പറ്റാതെ ഞാൻ സ്റ്റക്കായിപ്പോയി. പുള്ളിയെ കാണാൻ ഇപ്പോഴും വാരണം ആയിരത്തിലെ അതേ ലുക്കാണ്. – രജീഷ  വാചാലയായി. 

ധനുഷ് നായകനായ 'കര്‍ണ്ണനി'ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു ജയ് ഭീം. പടം വന്‍ വിജയമാവുകയും രജീഷ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ജയ് ഭീംമിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രം എത്തിയത്.

ENGLISH SUMMARY:

Rajisha Vijayan praised actor Surya Mazhavil Entertainment Awards 2024