aswin-ahaana

Image Credit: Instagram

കൃഷ്ണകുമാറിന്‍റെയും കുടുംബത്തിന്‍റെയും ഓണവിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യലിടത്ത് നിറഞ്ഞുനിന്നത്. അഹാനയുടെയും സഹോദരിമാരുടെയും ഓണച്ചിത്രങ്ങളും വലിയ കയ്യടി നേടി. കുടുംബത്തില്‍ പുതിയൊരംഗമെത്തിയതിനാല്‍ ഇത്തവണത്തെ ഓണം സ്പെഷ്യലാണെന്നും കൃഷ്ണകുമാറും കുടുംബവും പറയുന്നു. മകള്‍ ദിയയുടെ വിവാഹ ശേഷമുളള ആദ്യ ഓണം കൂടിയായതിനാല്‍ മരുമകനൊപ്പമുളള ഓണം കൂടുതല്‍ സന്തോഷം നല്‍കുന്നെന്നും കൃഷ്ണകുമാര്‍ പറയുന്നു. അതേസമയം ദിയ പങ്കുവച്ച ഒരു രസകരമായ വിഡിയോയാണ് ഇപ്പോള്‍ സോഷ്യലിടത്ത് ശ്രദ്ധനേടുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദിയ പങ്കുവച്ച വിഡിയോയിലുളളത് ഭര്‍ത്താവ് അശ്വിനും ചേച്ചി അഹാനയുമാണ്.

ലാപ്ടോപില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അഹാനയോട് വാതോരാതെ സംസാരിച്ചിരിക്കുന്ന അശ്വിനെയാണ് വിഡിയോയില്‍ കാണുന്നത്. ഈ വിഡിയോയ്ക്കൊപ്പം രസകരമായ കുറിപ്പും ദിയ പങ്കുവച്ചു. 'എന്നെക്കാളേറെ അമ്മുവിനോട് സംസാരിക്കുന്നത് അശ്വിനാണ്' എന്നാണ് ദിയ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. തന്‍റെ ജീവിത്തിലെ എല്ലാ വിശേഷങ്ങളും തന്‍റെ ഫോളോവേഴ്സുമായി പങ്കുവയ്ക്കുന്ന വ്യക്തി കൂടിയാണ് ദിയ. അശ്വിനുമായുളള പ്രണയവും വിവാഹവിശേഷങ്ങളും ദിയ വ്ലോഗിലൂടെ പങ്കുവച്ചിരുന്നു. യൂട്യൂബില്‍ ഏകദേശം 10 ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുളള സെലിബ്രിറ്റി വ്ലോഗര്‍ കൂടിയാണ് ദിയ.

അതേസമയം സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ദിയയുടേയും അശ്വിന്‍ ഗണേഷിന്‍റെയും ഔദ്യോഗിക വിവാഹം. എന്നാല്‍ ഇരുവരുടെയും കല്യാണം കഴിഞ്ഞ വര്‍ഷം കഴിഞ്ഞിരുന്നുവെന്നുളള ദിയയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതുമെല്ലാമടങ്ങിയ ഒരു വിഡിയോയാണ് ദിയ പങ്കുവച്ചത്. സെപ്റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പ്രോമിസ് ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണിത് എന്നാണ് വിഡിയോയില്‍ ദിയ കുറിച്ചിരുന്നത്. ദിയയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.