TOPICS COVERED

ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകി. ട്രെയിൻ യാത്രികൻ മൊബൈലിൽ ചിത്രം കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻലാലും ടിവിയിൽ കാണുന്ന ദൃശ്യങ്ങൾ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങുന്നതിനെതിരെ സംഘടന ഒന്നും ചെയ്യുന്നില്ലെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ ആരോപണത്തിന് പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിഷയത്തിൽ ഇടപെട്ടത്. 

ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ്‌ ട്രെയിൻ യാത്രികൻ മൊബൈലിൽ ചിത്രം കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻലാൻ പങ്കുവച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങി. വ്യാജ പതിപ്പിനെതിരെ  നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കം രംഗത്തെത്തി. ഇതിനിടെ കെട്ടിടങ്ങൾ നിർമിക്കാനല്ല സംഘടന പണം ചെലവാക്കേണ്ടതെന്നും വ്യവസായം നിലനിർത്താനുള്ള  പ്രവർത്തനങ്ങള്ക്ക് പണം മുടക്കണമെന്നും പറഞ്ഞ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരെ നിർമാതാവ് സാന്ദ്ര തോമസ് വിമർശനം ഉന്നയിച്ചു. 

പ്രതിഷേധം കടക്കുന്നതിനിടെ ഡിജിപിക്ക് പരാതി നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഏത് തിയറ്ററില് നിന്നാണ് സിനിമ പകര്ത്തിയതെന്ന് കണ്ടെത്താന് സാധിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ബി.രാകേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Director of Ajayante Randam Moshanam shares video of man watching pirated version of film in train