kaviyuoor-ponnamma-kpac-lalitha-sukumari

കവിയൂര്‍ പൊന്നമ്മയും കെപിഎസി ലളിതയും സുകുമാരിയുമെല്ലാം മലയാളിക്ക് തന്‍റെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. ചിരിച്ചും കലഹിച്ചും കരയിച്ചും അവരങ്ങിനെ സിനിമയുടെ അകത്തളങ്ങളില്‍ നിറഞ്ഞു നിന്നു. ഓര്‍മയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച് ആ വാല്‍സല്യ ചിരികളെല്ലാം ഇന്ന് നിത്യതയിലാണ്.

വെള്ളിത്തിരയില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20–ാം വയസ്സിൽ തലയിൽ വെള്ളച്ചായം പൂശി ആദ്യ അമ്മ വേഷം. സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മയായി. ഒരിക്കലും മടുക്കാത്തതാണ് അമ്മ വേഷം എന്ന് കവിയൂര്‍ പൊന്നമ്മ പറയുമായിരുന്നു.

‘കുടുംബിനി’യിലാണ് ആദ്യ അമ്മവേഷം. 19–ാം വയസിൽ രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ടു. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ, 22–ാം വയസിൽ, ആദ്യമായി മുതിർന്നയാളുടെ അമ്മയായി അഭിനയിച്ചു. പിന്നീട് ലഭിച്ച കഥാപാത്രങ്ങളിൽ അധികവും അമ്മവേഷങ്ങളായിരുന്നു. 

വെള്ളിത്തിരയില്‍ നിറഞ്ഞപ്പോളെല്ലാം കെപിഎസി ലളിതയെയും ‘ലളിതാമ്മ’യായാണ് മലയാളി കണ്ടത്. പക്ഷേ അമ്മയായി മാത്രമല്ല മകളായും മരുമകളായുമെല്ലാമുള്ള വേഷപ്പകർച്ചകൾക്കൊടുവിലാണ് ചമയങ്ങളഴിച്ചുവച്ച് കെപിഎസി ലളിത വിട പറഞ്ഞത്. ഒരിക്കല്‍ ‘എനിക്ക് നിന്റെ അമ്മയായി അഭിനയിച്ചു മതിയായില്ല എന്ന്’ മോഹന്‍ ലാലിനെ ചേര്‍ത്തു നിര്‍ത്തി ലളിത പറഞ്ഞിട്ടുണ്ട്. ‘പലപ്പോഴും ലളിത ചേച്ചി അമ്മ തന്നെയായിരുന്നു’ എന്നാണ് കെപിഎസി ലളിതയുടെ വിയോഗ വേളയില്‍ ലാലും പറഞ്ഞത്. എഴുന്നൂറിലേറെ സിനിമകളിലും എണ്ണം പറഞ്ഞ നാടകങ്ങളിലും കെപിഎസി ലളിത നിറഞ്ഞാടി. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ ലാളിത്യത്തിന്റെ കയ്യൊപ്പിട്ടു.

ലളിതാമ്മയെ പോലെ, കവിയൂര്‍ പൊന്നമ്മയെപ്പോലെ, മലയാളിയുടെ മനസില്‍ മായാത്ത ഒരു അമ്മ മുഖം സുകുമാരിക്കുമുണ്ട്. ചെറുപ്പത്തിലേ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച കഥാപാത്രങ്ങള്‍ പലതും മുതിര്‍ന്നവരുടേതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തി നില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീടാണ് ബോയിങ് ബോയിങ്ങിലെ ഡിക്കമ്മായിയായും പൂച്ചക്കൊരു മൂക്കുത്തിയിലെ രേവതിയമ്മയായും വന്ദനത്തിലെ മാഗിയാന്റിയായുമെല്ലാം സുകുമാരി പകര്‍ന്നാടുന്നത്. 

കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി; ഇവരെല്ലാം മലയാളിയുടെ കുടുംബത്തിലെ അമ്മയും ചേച്ചിയുമെല്ലാം തന്നെയായിരുന്നു. ആ വാല്‍സല്യ ചിരികള്‍ ഇനിയില്ലെന്നു പറയുമ്പോള്‍, അതിനു പകരം മറ്റൊന്നുമില്ല. എങ്കിലും ചിരിച്ചും കലഹിച്ചും കരയിച്ചും അവരങ്ങിനെ ഓരോ നിമിഷവും നമ്മളിലേക്ക് ഓടിയെത്തും...

ENGLISH SUMMARY:

Kaviyoor Ponnamma, KPSC Lalitha, and Sukumari; They filled the world of cinema with laughter, arguments, and tears. The many characters they portrayed have left a lasting memory, and their warm smiles now reside in eternity.