മലയാള സിനിമയുടെ അമ്മയ്ക്ക് വിട. മലയാളിയുടെ പ്രിയങ്കരിയായ നടി കവിയൂർ പൊന്നമ്മ യുടെ ഭൗതിക ദേഹം പൊതു ദർശനത്തിന് ശേഷം കളമശേരിയിൽ നിന്ന് ആലുവയിലെ വീട്ടിലേക്ക് കൊണ്ട് പോയി. വീട്ടിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മുൻസിപ്പൽ ടൌൺ ഹാളിലുമായി ആയിരക്കണക്കിന് പേരാണ് മലയാള സിനിമയുടെ അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. കളമശേരി മുൻസിപ്പൽ ടൌൺ ഹാളിൽ ജനാർദനൻ, മമ്മൂട്ടി, മോഹൻലാൽ, സിദിഖ്, സുരേഷ്‌ഗോപി തുടങ്ങിയവരും യുവ താരങ്ങളും എത്തി. താര സംഘടനയായ അമ്മയ്ക്ക് വേണ്ടി മോഹൻലാൽ അന്ത്യാഞ്ജലി അർപ്പിച്ചു.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി പി രാജീവ് അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ്, എം.എൽ.എമാർ ഉൾപ്പടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.