സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചലച്ചിത്രം കുമ്മാട്ടിക്കളിയുടെ ട്രെയിലർ റിലീസ് ചെയ്തു. സുരേഷ് ഗോപിയാണ് ട്രെയിലർ പുറത്തുവിട്ടത്. ഡെന്നി എന്ന കഥാപാത്രത്തെയാണ് മാധവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുമ്മാട്ടി ബോയ്സിന്റെ കഥ പറയുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽപെടുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
‘സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച് ആർ.കെ വിൻസെന്‍റ് സെൽവ സംവിധാനം ചെയ്ത കുമ്മാടികളിയുടെ ഒഫീഷ്യൽ ട്രെയിലർ. എന്‍റെ മകൻ മാധവ് സുരേഷ് ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. മുഴുവൻ ടീമിനും ആശംസകൾ നേരുന്നു’, എന്നാണ് ട്രെയിലർ പങ്കിട്ട് സുരേഷ് ഗോപി കുറിച്ചത്. ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത് ചിത്രമാണ് 'കുമ്മാട്ടിക്കളി'.
മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി ,അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.