kaviyoor-ponnamma-hd

TOPICS COVERED

മലയാളത്തിന്‍റെ അമ്മ, ഒറ്റ വാക്കില്‍ കവിയൂര്‍ പൊന്നമ്മയെ അങ്ങനെ വിശേഷിപ്പിക്കാം. അരങ്ങിലെത്തിയ നാള്‍ മുതല്‍ അഭിനയിച്ചതിലേറെയും അമ്മ വേഷങ്ങള്‍ . സത്യന്‍, പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അതികായരുള്‍പ്പെടെ മലയാളത്തിലെ ഒട്ടുമിക്ക  നായകനടന്മാരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ. സമകാലികരായ കെപിഎസി ലളിതക്കും സുകുമാരിക്കും താരതമ്യേന വ്യത്യ​സ്​തമായ റോളുകള്‍ ലഭിച്ചപ്പോഴും നായകന്‍റെ നന്മ നിറഞ്ഞ ത്യാഗമയിയായ അമ്മ എന്ന വാര്‍പ്പുമാതൃകയിലേക്ക് കവിയൂര്‍ പൊന്നമ്മ തളച്ചിടപ്പെട്ടു. 

എന്നാല്‍ കരിയറിന്‍റെ തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല, സ്​നേഹം, സഹനം, ക്ഷമ എന്നീ സ്​ത്രീ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം കോപവും ക്രോധവും കാമവുമുള്ള പെണ്ണുങ്ങളെ അവതരിപ്പിച്ച എഴുപതുകള്‍ കൂടി കവിയൂര്‍ പൊന്നമ്മയുടെ അഭിനയജീവിതത്തിലുണ്ടായിട്ടുണ്ട്. കവിയൂര്‍ പൊന്നമ്മയുടെ വാല്‍സല്യനിധിയായ അമ്മ കഥാപാത്രങ്ങള്‍ മാത്രം കണ്ടവര്‍ക്ക് തീര്‍ത്ഥയാത്രയിലെ കൊച്ചിക്കാവു, ക്രോസ് ബെല്‍റ്റിലെ ഭവാനി, വെളുത്ത കത്രീനയിലെ മാര്‍ത്ത പുലയി എന്നിങ്ങനെ പോകുന്ന കഥാപാത്രങ്ങളെ അവിശ്വസനീയതയോടെ മാത്രമേ കാണാനാവൂ. 

 

ത്രിവേണിയിലെ നായികയുടെ അമ്മയായ പാര്‍വതി തന്‍റേടിയും സാമര്‍ത്ഥ്യക്കാരിയുമാണ്. മകളും താനുമടങ്ങുന്ന കുടുംബത്തെ ഒറ്റക്കാണ് പാര്‍വതി  പോറ്റുന്നത്. നാട്ടിലെ പ്രമാണിയായ ദാമോദരന്‍ മുതലാളി വീണ്ടും വിവാഹിതനാവാന്‍ ആഗ്രഹിക്കുന്നു എന്ന് സ്വകാര്യമായി പാര്‍വതിയോട് പറയുമ്പോള്‍ നാണം കുണുങ്ങുന്ന കവിയൂര്‍ പൊന്നമ്മയെ കാണാം. എന്നാല്‍ മുതലാളി വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചത് തന്‍റെ മകളെ ആണെന്നറിയുമ്പോഴും അവര്‍ നിരാശപ്പെടുന്നില്ല. മകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥയായ അമ്മയാവുകയാണ് പാര്‍വതി. 

നെല്ലിലെ സാവിത്രി വാരസ്യാര്‍ വ്യത്യ​സ്​തമായ മറ്റൊരു കഥാപാത്രമാണ്. ഭര്‍ത്താവ് മരിച്ച് മകളും അമ്മാവനുമായി താമസിക്കുമ്പോഴാണ് യുവാവായ രാഘവന്‍ നായര്‍ അവരുടെ വീട്ടിലേക്ക് അതിഥിയായി എത്തുന്നത്. അയാളോട് തോന്നുന്ന പ്രണയവും ആസക്​തിയും തുറന്നു പ്രകടിപ്പിക്കുന്ന സാവിത്രിയെ നെല്ലില്‍ കാണാം. ശങ്കരന്‍കുട്ടിയുടെ ശരീരത്തോടുള്ള മോഹം തന്‍റെ കണ്ണുകളിലൂടെ പ്രതിഫലിപ്പിക്കുന്ന കൊടിയേറ്റത്തിലെ കമലമ്മയും കവിയൂര്‍ പൊന്നമ്മയിലൂടെ പ്രേക്ഷകര്‍ കണ്ടു. 

നിര്‍മാല്യത്തിലെ നാരായണി കവിയൂര്‍ പൊന്നമ്മയ്​ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ക്ലൈമാക്​സ് സീനില്‍ വിഗ്രഹത്തിന്‍റെ മുഖത്തേക്ക് വെളിച്ചപ്പാട് തുപ്പുന്ന രംഗത്തോളം തന്നെ പ്രാധാന്യമുണ്ട് അതിനുമുമ്പ് ഭാര്യയുമൊത്തുള്ള അയാളുടെ സംഭാഷണ രംഗത്തിനും. ഭഗവതിയില്‍ പ്രതീക്ഷയും ജീവിതവും അര്‍പ്പിച്ച വെളിച്ചപ്പാടിന്‍റെ കുടുംബം പോറ്റാനായി നാരായണിക്ക് ശരീരം വില്‍ക്കേണ്ടിവരുന്നു.  'എന്‍റെ കുട്ടികള്‍ വിശന്ന് കിടന്നപ്പോള്‍ ഭഗവതി അരിയും കാശും കൊണ്ടുവന്ന് തന്നില്ലെന്ന' നാരായണിയുടെ വാക്കുകളില്‍ വെളിച്ചപ്പാട്  ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ നേരില്‍ കാണുകയാണ്. ഇതില്‍ നിരാശനും ദുഖിതനുമായാണ് ഉല്‍സവനാളില്‍ ഉറഞ്ഞുതുള്ളിയതിനുശേഷം നെറ്റിയില്‍ നിന്നും പൊട്ടിയൊഴുകിയ രക്തവും തുപ്പലും ചേര്‍ത്ത് ഭഗവതിക്ക് നേരെ തുപ്പി വെളിച്ചപ്പാട് മരിച്ചുവീഴുന്നത്. 

സ്ഥിരം അമ്മ കഥാപാത്രങ്ങളുടെ വാര്‍പ്പ് മാതൃക പോലെ തുടങ്ങിയ സുകൃതത്തിലെ ചെറിയമ്മയും പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു കഥാപാത്രനിര്‍മിതിയാണ്. കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന രവിശങ്കര്‍ എല്ലാവരേയും പോലെ അവര്‍ക്കും ബാധ്യതയാവുന്നു. എന്‍റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ ഈശ്വരന്മാരെ എന്ന ചെറിയമ്മയുടെ വേദനയുടെ പിന്നിലും അയാളുടെ മരണശേഷം കൈവരുന്ന സ്വത്തുക്കളുടെ ആനന്ദമായിരുന്നു. ഒരു ദിവസം അത് കിട്ടില്ലെന്ന ബോധ്യത്തില്‍ മാതൃതുല്യമായ സ്​നേഹവും ഇല്ലാതാവുന്നു. നന്മയുള്ള അമ്മ കഥാപാത്രങ്ങളിലേക്ക് അതിനോടകം തന്നെ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട സമയത്തുകൂടിയാണ് സുകൃതത്തിലെ ചെറിയമ്മ കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയത്. 

70കളില്‍ ഇത്രയും വ്യത്യസ്​തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രി 80കളുടെ ഒടുക്കത്തിലും 90കളുടെ തുടക്കത്തിലുമാണ്  സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാന്‍ തുടങ്ങിയത്. സവര്‍ണതയുടേയും പാട്രിയാര്‍ക്കിയുടേയും ഗ്ളോറിഫിക്കേഷനിലേക്ക് മലയാള സിനിമ മുങ്ങിയപ്പോള്‍ സവര്‍ണനായകന്മാരുടെ ത്യാഗമയിയും ശാന്തസ്വരൂപിണിയുമായ മാതൃബിംബം മാത്രമായി മാറി കവിയൂര്‍ പൊന്നമ്മയും. ആ അമ്മകഥാപാത്രങ്ങളുടെ പേരിലാണ് അവര്‍ ഓര്‍മിക്കപ്പെടുന്നതും വാഴ്​ത്തപ്പെടുന്നതും. എന്നാല്‍ 2000ങ്ങളില്‍ അവര്‍ കെട്ടിയാടിയ മാതൃബിംബത്തിന് നേര്‍വിപരീതമായിരുന്നു 80കളില്‍ ആടി തീര്‍ത്ത ശക്തമായ കഥാപാത്രങ്ങള്‍ അത്രയും. പതിവിന് ഒരു തിരുത്തലെന്ന പോലെയാണ് ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്നായ ആണും പെണ്ണും എന്ന എന്ന ആന്തോളജിയിലെ സ്ത്രീ കഥാപാത്രം വരുന്നത്. ഭര്‍ത്താവിന്‍റെ ഒളിഞ്ഞുനോട്ട കാഴ്​ചകള്‍ രസത്തില്‍ കേട്ട് ചിരിക്കുന്ന കിടപ്പുരോഗിയായ അമ്മ സ്ഥിരം കവിയൂര്‍ പൊന്നമ്മ കഥാപാത്രങ്ങളെ പൊളിക്കുന്നതായിരുന്നു. 

ഇത്രയും സ്​റ്റീരിയോടൈപ്പായി പോയ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍ എന്ന് സംശയമാണ്. സ്ഥിരം കള്ളന്‍, സ്ഥിരം വഴിപോക്കന്‍, സ്ഥിരം കോണ്‍സ്​റ്റബളൊക്കെ പോലെയൊന്നായി കവിയൂര്‍ പൊന്നമ്മയുടെ സ്ഥിരം ഉണ്ണിയുടെ അമ്മയും. കിരീടത്തിലെ സേതുമാധവന്‍റെ അമ്മ ആ കാലത്തൊരു മികച്ച കഥാപാത്രമായിരുന്നു. എന്നാല്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ അത് ആവര്‍ത്തിക്കാതിരുന്നെങ്കില്‍ ഒരുപക്ഷേ ഒരുപറ്റം വ്യത്യസ്​തമായ കഥാപാത്രങ്ങള്‍ കവിയൂര്‍ പൊന്നമ്മയില്‍ നിന്നും ലഭിച്ചേനെ. മലയാള സിനിമ ശരിയായി ഉപയോഗിക്കാതെ പോയ കവിയൂര്‍ പൊന്നമ്മക്ക് വിട. 

ENGLISH SUMMARY:

Uncoventional characters of Kaviyoor Ponnamma in 1970s