കൺവിൻസിങ് സ്‌റ്റാർ... ഈ വാചകമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കക്ഷി വേറാരുമല്ല, നടന്‍ സുരേഷ് കൃഷ്ണയാണ്. താരം അഭിനയിച്ച ചില കഥാപാത്രങ്ങളുടെ സ്വഭാവമാണ് ഈ പദവി ലഭിക്കാനുള്ള കാരണം. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ ഒരാളെ വെടിവച്ച് കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച മോഹൻലാൽ കഥാപാത്രത്തിനോട്, നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായി വരാമെന്നും പറഞ്ഞ് തോക്ക് കയ്യിൽ വച്ച് കൊടുത്ത ശേഷം രക്ഷപ്പെടുന്ന സുരേഷ് കൃഷ്‌ണയുടെ കഥാപാത്രമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. 

വേറെയുമുണ്ട് സമാന വേഷങ്ങള്‍. കാര്യസ്ഥന്‍, തുറുപ്പുഗുലാന്‍, മെമ്മറീസ്, ഈ പട്ടണത്തില്‍ ഭൂതം, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങള്‍ ഓര്‍ത്താല്‍ മനസിലാകും, എന്തുകൊണ്ട് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ടൈറ്റില്‍ കിട്ടിയെന്നത്. 

എന്തായാലും ഈ പദവിയെ സ്വയം ട്രോളിക്കൊണ്ടാണ് താരം വൈറലായിരിക്കുന്നത്. ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മറുപടിയായി ‘‘ഓക്കെ ഞാൻ കൺവിൻസിങ് ആയി’’ എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് മറുപടി നൽകുക കൂടി ചെയ്തതതോടെ  സോഷ്യല്‍മീഡിയ ഹരത്തിലായി. 

ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സുരേഷ് കൃഷ്ണയുള്ളത്. ‘മരണ മാസ്’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ റീൽസ് വിഡിയോയും നടൻ പങ്കുവച്ചു. നടൻ സിജു സണ്ണിയാണ് പുതിയ റീലുമായി എത്തിയിരിക്കുന്നത്. സുരേഷ് കൃഷ്ണയെ 'കൺവിൻസ്' ചെയ്യുന്ന സിജുവും കൂട്ടരുമാണ് റീൽ വിഡിയോയിൽ ഉള്ളത്.