thilakan

 മലയാളത്തിന്‍റെ അതുല്യ നടന്‍ തിലകന്‍ ഓര്‍മയായിട്ട്  12 വര്‍ഷം. അഭിനയതിലകം കാലം മായ്ച്ചെങ്കിലും തിലകന്‍ ജീവന്‍പകര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും തിരശീലയില്‍ ജീവിക്കുന്നു. സിനിമ മേഖലയിലെ സംഘടനകളെയും വിലക്കുകളെയും കുറിച്ച് തിലകന്‍ പണ്ടേ വിളിച്ചുപറഞ്ഞത് ഇന്ന് കാലം ശരിവയ്ക്കുന്നു.  

 

കാലംമായ്ക്കാത്ത ചിലതുണ്ട്. അതിലൊന്നാണ് തിലകന്‍.  മൂന്നാം പക്കത്തിലെ പാച്ചുവിന്‍റെ അപ്പൂപ്പനില്‍ നിന്ന് സ്ഫടികത്തിലെ കര്‍ക്കശകാരനായ ചാക്കോമാഷിലേക്കുള്ള തിലകന്‍റെ ഭാവമാറ്റം അതിന് ഒരു ഉദാഹരണം മാത്രം

അച്ഛന്‍–മകന്‍ വേഷങ്ങളില്‍ മോഹന്‍ലാല്‍–തിലകന്‍ ഇഴപ്പൊരുത്തം ഒട്ടേറെ തവണ തിരശീല തൊട്ടു. കിരീടവും ചെങ്കോലുമൊല്ലാം മലയാളിക്ക് മറക്കാനാവാത്ത ജീവിതാംശമായി

പെരുന്തച്ചനായി വിസ്മയിപ്പിച്ച അതേ  തിലകന്‍  കിലുക്കത്തില്‍  ചിരിപ്പിച്ചു. നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നെങ്കിലും ജീവിതത്തില്‍ അഭിനയിക്കാത്ത മനുഷ്യനായിരുന്നു സുരേന്ദ്രനാഥതിലകന്‍. വിലക്കുകളെ നേര്‍ക്കുനേര്‍ നിന്നു വിളിച്ചുപറഞ്ഞ  തിലകന്‍ തന്നിലെ അഭിനേതാവിനെ തളച്ചിടാന്‍ ഒരിക്കലും അനുവദിച്ചില്ല. സിനിമയിലെ അവസരം ചിലര്‍ വെട്ടുന്നുവെന്ന് ആരോപിച്ച് ഇടക്കാലത്ത് സീരിയലുകളിലേക്ക് തിലകന്‍ ചുവടുമാറ്റി. അവിടെയും ചിലര്‍ പവര്‍ഗ്രൂപ്പ് കളിക്കുന്നതായി തോന്നിയപ്പോള്‍ തട്ടകമായ നാടകത്തിലേക്കുമടങ്ങാനും തിലകന്‍ മടിച്ചില്ല. അമ്മ സംഘടനയ്ക്കുള്ളിലെ  ഒറ്റയാന്‍ പോരാട്ടത്തിനും കാലം സാക്ഷി. തിരശ്ശീലയിലെ തിലകഭാവത്തിന് ഇന്നും പകക്കാരനില്ലെന്നത് ഈ മഹാപ്രതിഭയുടെ അളവുകോല്‍.

ENGLISH SUMMARY:

It's been 12 years since Malayalam's unique actor Thilakan died