surabhi-makeover

തിയറ്ററുകളില്‍ നിറഞ്ഞ കയ്യടി വാങ്ങി വിജയഗാഥ കുറിക്കുകയാണ് അജയന്‍റെ രണ്ടാം മോഷണം. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ സുരഭി ലക്ഷ്മിയുടെ മേക്കോവര്‍ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. മണിയന്‍റെ മാണിക്യത്തിലേക്ക് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് സുരഭി ലക്ഷ്മി എത്തിയത്. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാണ് സുരഭി എത്തിയത്. ടൊവിനോയുടെ ജോഡിയായി എത്തിയ സുരഭിയുടെ പ്രകടനം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു.

അജയന്‍റെ രണ്ടാം മോഷണത്തില്‍ മാണിക്യത്തിന്‍റെ രണ്ട് ഘട്ടങ്ങളും അവിശ്വസനീയമായ വിധത്തില്‍ ഗംഭീരമാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സ് സേവിയറിനും അദ്ദേഹത്തിന്‍റെ ടീമിനും അഗാധമായ നന്ദി. നീണ്ട 6 മാസത്തെ ചിത്രീകരണത്തിലുടനീളം, മേക്കപ്പ് ടീമിലെ മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, നിങ്ങൾ എല്ലാവരും പ്രതിജ്ഞാബദ്ധരായി തുടരുകയും അതിശയകരമായും ഭംഗിയായും നിങ്ങളുടെ ജോലി ചെയ്യുകയും ചെയ്തു. ഒരു നടിയെന്ന നിലയിൽ, ഈ മാറ്റം സുപ്രധാനമായിരുന്നു. ഇത് രൂപഭാവം രൂപപ്പെടുത്തുക മാത്രമല്ല, കഥാപാത്രത്തിനായി മാനസികമായി തയ്യാറെടുക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. നിങ്ങളുടെ കഠിനാധ്വാനവും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയും ഇല്ലാതെ ഈ കഥാപാത്രമാകാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ശ്രദ്ധേയമായ വസ്ത്രാലങ്കാരത്തിന് പ്രവീൺ വർമ്മയ്ക്ക് പ്രത്യേക നന്ദി.മേക്കപ്പും വേഷവിധാനവും മാണിക്യത്തെ രൂപപ്പെടുത്തി, നിങ്ങളെല്ലാവരും ഇല്ലായിരുന്നെങ്കിൽ ഈ യാത്ര ഇതുപോലെയാകുമായിരുന്നില്ല. എന്ന അടിക്കുറിപ്പോടെയാണ് സുരഭി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

surabhi

ഓണാവധികൾ കഴിഞ്ഞിട്ടും ടോവിനോ തോമസ് ചിത്രം എആര്‍എംന് തിയറ്ററുകളിൽ വൻ ജനത്തിരക്ക്. കുട്ടികളും കുടുംബങ്ങളും ഏറെ കാലത്തിന് ശേഷമിറങ്ങിയ മലയാള 3ഡി ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് . 2018നും മിന്നൽ മുരളിക്കും ശേഷം ഇന്ത്യ ഒട്ടാകെ ചർച്ച ചെയുന്ന ചിത്രമായി ടോവിനോയുടെ കരിയറിൽ എആര്‍എം മാറി. ചിത്രം അഞ്ച് ദിവസം കൊണ്ട് ചിത്രം 50 കോടിക്ക് മേലെ കളക്ഷൻ നേടിയിരുന്നു. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ് .

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.