ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും അത്ര രസത്തിലല്ല മുന്നോട്ട് പോകുന്നതെന്നത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ പതിവ് വാര്‍ത്തയായി മാറിക്കഴിഞ്ഞു. അഭ്യൂഹങ്ങളോട് അഭിഷേകോ ഐശ്വര്യയോ ഇന്നുവരെ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ ഇതിനിടയിലേക്കാണ് ഐശ്വര്യയും താനും വേര്‍പിരിയുകയാണെന്ന് പറഞ്ഞുള്ള അഭിഷേക് ബച്ചന്‍റെ 'വിഡിയോ' എത്തിയത്.
വിഡിയോ കണ്ട് ഞെട്ടിയവരില്‍ സാക്ഷാന്‍ അഭിഷേക് ബച്ചനും ഉണ്ടായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പ്രചരിക്കുന്ന വിഡിയോയ്ക്ക് താനുമായി ബന്ധമില്ലെന്നും 'ഡീപ് ഫേക്കാ'ണ് തന്‍റെ പേരില്‍ കറങ്ങി നടക്കുന്നതെന്നും ഒടുവില്‍ അഭിഷേക് തന്നെ വിശദീകരിക്കുകയും ചെയ്തു. പ്രചരിച്ച വിഡിയോയിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..'ഐശ്വര്യയും ഞാനും പിരിയാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മകള്‍ ആരാധ്യയെ ഓര്‍ത്ത് ഇക്കാര്യം രഹസ്യമാക്കി വച്ചിരുന്നു, എന്നാല്‍ ഐശ്വര്യയുമായി പിരിഞ്ഞ വിവരം നിങ്ങളോട് പറയാന്‍ തീരുമാനിച്ചു'.
നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് വാര്‍ത്ത കെട്ടിച്ചമച്ചെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. വിഡിയോ പങ്കുവച്ച സമൂഹമാധ്യമ ഹാന്‍ഡിലിലും ' വിഡിയോയുടെ കൃത്യതയെ പറ്റി തനിക്ക് അറിയില്ലെന്നും ഒരു പക്ഷേ സത്യമാകാം അല്ലെങ്കില്‍ കെട്ടിച്ചമച്ചതാവാം. എന്തായാലും അഭ്യൂഹം പ്രചരിക്കുന്നതല്ലാതെ ആരും ഒന്നും പ്രതികരിച്ചിട്ടില്ലെന്നും' കുറിച്ചിരുന്നു.
അതേസമയം, ഐശ്വര്യയും അഭിഷേകും പിരിയുന്നതും ഒന്നിക്കുന്നതും അവരുടെ സ്വകാര്യമായ കാര്യങ്ങളാണെന്നും ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും പലരും വിഡിയോയ്ക്ക് ചുവടെ കമന്‍റ് ചെയ്തു. സെലിബ്രിറ്റികളായത് കൊണ്ട് അവരുടെ സ്വകാര്യത നഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എക്കാലവും സന്തുഷ്ട കുടുംബജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ലെന്നും വ്യക്തികളെ അവരുടെ ഇഷ്ടത്തിന് വിടണമെന്നും ആരാധകര്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചു.
അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയത് മുതലാണ് അഭിഷേകും ഐശ്വര്യയും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ബലപ്പെട്ടത്. പിന്നീട് പലതവണ ഇരുവരും ഒന്നിച്ചും അല്ലാതെയും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഐശ്വര്യ വിവാഹമോതിരം ധരിക്കാതെ നടന്നതും ഇടക്കാലത്ത് വാര്‍ത്തയായി. മകള്‍ക്കൊപ്പമാണ് ഐശ്വര്യയെ പതിവായി കാണുന്നത്. കഴിഞ്ഞ ദിവസം പാരിസ് ഫാഷന്‍ വീക്കിലും താരം ശ്രദ്ധേയയായിരുന്നു.