പൊന്നോമനകളുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. മക്കളായ ഉലകിനും ഉയിരിനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നയന്‍താര പങ്കുവച്ച കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പം ഗ്രീസിലാണ് നയന്‍താര മക്കളുടെ പിറന്നാള്‍ ആഘോഷിച്ചത്. ഗ്രീസില്‍ നിന്നുളള ചിത്രങ്ങള്‍ വിഘ്നേഷും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നയന്‍താര പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'ഹാപ്പി ബര്‍ത്ത്ഡേ മൈ അഴകന്‍സ്, ചെറിയ ഒരു സമയത്തിനുളളില്‍ ഒരു ജീവിതകാലം മുഴുവനും ജീവിച്ചതുപോലെയാണ് നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും എനിക്കനുഭവപ്പെടുന്നത്. പ്രണയം, ജീവന്‍, അത്ഭുതം, കരുത്ത് എല്ലാം നിങ്ങളാണ്. സ്വപ്‌നതുല്യമായ ഈ ജീവിതത്തിന് നിങ്ങള്‍ക്ക് നന്ദി. എന്‍റെ പ്രിയപ്പെട്ട ഉയിരേ ഉലകേ പൂര്‍ണ ഹൃദയത്തോടും ആത്മാവോടും കൂടി നിങ്ങളിരുവരേയും ഞാന്‍ സ്‌നേഹിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നല്‍കി ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. അമ്മയും അപ്പയും നിങ്ങളെ അളവറ്റ് സ്‌നേഹിക്കുന്നു' എന്നാണ് ഉലകിനും ഉയിരിനും വിഘ്നേഷിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് നയന്‍താര കുറിച്ചത്.
അതേസമയം എന്‍റെ കുഞ്ഞുമക്കളേ..നിങ്ങള്‍ക്ക് 2 വയസാകുന്നു. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുളള ഹൃദ്യമായ കുറിപ്പും ചിത്രവും വിഘ്നേഷും പങ്കുവച്ചു.
വിഘ്നേഷ് പങ്കുവച്ച കുറിപ്പ്: ഞാന്‍ നിങ്ങള്‍ക്ക് ഉയിരെന്നും ഉലകെന്നും പേരിടുമ്പോള്‍, നിങ്ങള്‍ രണ്ടുപേരും പേര് പോലെത്തന്നെ എന്‍റെ പ്രാണനും ലോകവും ആയിത്തീരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ എനിക്ക് അതേപോലെത്തന്നെ ആയിത്തീര്‍ന്നിരിക്കുന്നു. എന്‍റെ കുഞ്ഞുമക്കളേ ..നിങ്ങള്‍ക്ക് രണ്ടുവയസാകുന്നു...ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. അമ്മയും അപ്പയും ബാക്കി എല്ലാവരും ജീവിതത്തില്‍ ഇത്രയും സന്തോഷം ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല. ഈശ്വരന് ഞങ്ങളോട് വളരെയേറെ സ്‌നേഹമുണ്ടെന്നും അതുകൊണ്ടുതന്നെ വാരിക്കോരിയാണ് അനുഗ്രഹം ചൊരിയുന്നതെന്നും നിങ്ങള്‍ നല്‍കുന്ന സന്തോഷവും പൂര്‍ണതയും സാക്ഷ്യപ്പെടുത്തുന്നു. ഈശ്വരന്റെ എല്ലാ അനുഗ്രഹവും നിങ്ങള്‍ക്കൊപ്പമുണ്ട്. ദൈവത്തിന്‍റെ എല്ലാ അനുഗ്രങ്ങള്‍ക്കും പ്രപഞ്ചത്തിലെ എല്ലാ സ്നേഹങ്ങള്‍ക്കുമൊപ്പം, എന്‍റെ പ്രാണനേ, ലോകമേ നിങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു...നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു' എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്.