64ാമത്  ദേശീയചലച്ചിത്രപുരസ്കാര വേദി. മികച്ച നടനുള്ള പുരസ്കാരം നേടിയ  ഹിന്ദിതാരത്തിനടുത്തേക്ക് ആരാധനയോടെ ഒരു മലയാളി നടിയെത്തി. ഞാന്‍ അങ്ങയുടെ വലിയ ആരാധികയാണെന്ന് അറിയിച്ച നടി അദ്ദേഹത്തോട് ചോദിച്ചു, താങ്കള്‍ ഇതുവരെ എത്ര ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന്. 135 ഓളം സിനിമകള്‍ എന്നായിരുന്നു നടന്‍റെ മറുപടി. ഒപ്പം തിരിച്ചൊരു ചോദ്യവും, ‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’  സാര്‍ ഇതാണെന്‍റെ ആദ്യസിനിമ.  ആദ്യ സിനിമയിൽത്തന്നെ ദേശീയ പുരസ്‌കാരം വാങ്ങിയ  ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്ന ആ നടന്‍ എന്ത് പറണമെന്ന് അറിയാതെ സ്തംഭിച്ച് നിന്നു. ആ നടി ഇന്ന് മലയാളത്തിലെ തിരക്ക് പിടിച്ച താരമാണ്. വേഷപകര്‍ച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അവര്‍ മറ്റാരുമല്ല സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം 2017ല്‍  തന്‍റെ ആദ്യ ചിത്രത്തിലൂടെ മലയാളത്തിന് സമ്മാനിച്ച താരം. സുരഭിയുടെ മറുപടിയില്‍ ഞെട്ടിയത് മറ്റാരുമല്ല സാക്ഷാല്‍ അക്ഷയ് കുമാറും.

അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രം ഇറങ്ങിയതിന് പിന്നാലെയാണ് സുരഭിയും അവരുടെ അഭിനയ മികവും വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. ടൊവിനോ അവതരിപ്പിച്ച മണിയൻ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ  മാണിക്യമായാണ് എ.ആർ.എമ്മിൽ സുരഭി ലക്ഷ്മി എത്തിയത്. അപമാനത്തിൽ നിന്നുയർന്നുവന്ന കൊടുങ്കാറ്റ് ഉള്ളിൽ സൂക്ഷിക്കുന്ന മാണിക്യത്തിന് നായികമാരിൽ അല്പം പ്രാധാന്യം കൂടുതലുണ്ട്. പ്രണയവും പ്രതികാരവും നിസ്സഹായതയുമെല്ലാം ഈ കഥാപാത്രത്തിൽ കാണാം. കുടുംബാം​ഗങ്ങൾ പോലും പിൽക്കാലത്ത് മണിയനെ തള്ളിപ്പറയുമ്പോൾ, അയാളുടെ പിൻതലമുറയിൽ ജനിച്ചുവെന്ന അപമാനം പേറുമ്പോൾ,  മാണിക്യം മാത്രമാണ് അയാളെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നത്. മാണിക്യത്തെ  അവിസ്മരണീയമാക്കി സുരഭി.

കഠിനമായിരുന്നു സുരഭിയുടെ കലാജീവിതത്തിലെ ഭൂതകാലം. സാമ്പത്തിക ക്ലേശം ആഗ്രഹങ്ങള്‍ക്കെല്ലം വിലങ്ങുതടിയായി. പണമില്ലാത്തതിനാല്‍ കലോല്‍സവവേദികളില്‍ കഴിവുണ്ടായിട്ടും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്ത ബാല്യം. സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതില്‍ തേങ്ങുന്ന  സുരഭിയുടെ ചിത്രം അക്കാലത്തെ പത്രത്താളുകളിലും ഇടം നേടി.  പക്ഷേ അവിടംകൊണ്ടൊന്നും സുരഭിയിലെ കലാകാരി തോറ്റില്ല.

നാടകത്തട്ടില്‍ പരുവപ്പെട്ടതാണ് സുരഭിയിലെ അഭിനയത്തികവ്. പഠിച്ച കലാലയങ്ങളിലും അമ്പലപ്പറമ്പുകളിലുമെല്ലാം അവര്‍ താരമായിരുന്നു. അവിടെ ഒതുങ്ങിയില്ല സുരഭിയിലെ നടി.  പരമ്പരകളിലൂടെയും   പരസ്യചിത്രങ്ങളിലൂടെയും അവര്‍ മിനിസ്ക്രീനില്‍ സുപരിചിതയായി.  എം 80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തുവായി മലബാറിന്‍റെ മനം കവര്‍ന്ന സുരഭിയെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ മറ്റു പരിചയപ്പെടുത്തലുകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. മലബാറിന്‍റ മഞ്ജുവാര്യരെന്നുവരെ  വിശേഷണങ്ങള്‍ വന്നു. ഹയര്‍ സെക്കന്‍ഡറി പഠനകാലത്താണ്  'ബൈ ദ പീപ്പിള്‍' എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. പക്ഷേ മികച്ച വേഷങ്ങള്‍ സുരഭിയേ തേടിയെത്താന്‍ അതുമതിയായിരുന്നില്ല . പിന്നീടങ്ങോട്ട് കുറേക്കാലം സുരഭി തന്നെ പറഞ്ഞത് പോലെ ബി.പി.എല്‍ കഥാപാത്രങ്ങള്‍ മാത്രമായി ഒതുങ്ങി.

ചലച്ചിത്രരംഗത്തും തുടക്കകാലത്ത് അവര്‍ കൈപ്പുനീര്‍  ഒരുപാട് കുടിച്ചു. കാരവാനില്‍ കയറി വസ്ത്രം മാറിയതിന്  ഡ്രൈവറില്‍ നിന്നുവരെ ചീത്തകേട്ടു. അന്ന് കണ്ണിൽ നിന്നും കണ്ണുനീര് അല്ല മറിച്ച് ചോരയാണ് പൊടിഞ്ഞതെന്നായിരുന്നു അവര്‍ പിന്നീട് പറഞ്ഞത്. പ്രതിഫലമില്ലാതെ അഭിനയിക്കാനെത്തി മടങ്ങുമ്പോള്‍ വണ്ടിക്കൂലി ചോദിച്ചപ്പോള്‍ സീരിയില്‍ നടിമാരുടെ സ്വഭാവമാണിതെന്നായിരുന്നു പരിഹാസം.

കാലങ്ങള്‍ക്കിപ്പുറം തിരക്കഥ എന്താണെന്നു പോലുമറിയാത്ത ഒരു പെണ്‍കുട്ടി അസിസ്റ്റന്‍റ് ഡയറക്ടര്‍ കൊടുത്ത നാല് പേപ്പര്‍ വായിച്ച് അഭിനയിക്കുന്നു. അന്ന് ആ പെണ്‍കുട്ടി നേടിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമാണ്. അന്ന് അവര്‍ പിന്നിലാക്കിയത് ഇന്ത്യന്‍ സിനിമയുടെയും സൗന്ദര്യത്തിന്‍റെയും മുഖമായ ഐശ്വര്യറായിയേയും.  ആ അവാര്‍ഡിനെക്കുറിച്ച് അന്ന് സുരഭി പറഞ്ഞത് എന്‍റെ തലയില്‍ വീണ ദേശീയ ചക്കയെന്നാണ്. അന്ന് അവര്‍ കേരളത്തിന്‍റെ മലബാറിന്‍റെ നരിക്കുനി എന്ന ചെറുഗ്രാമത്തിന്‍റെ തന്നെ അഭിമാനമായി മാറി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്‍റെ സമയത്ത് ഭാഷാശൈലികൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്ന നടിയാണെന്നും അതുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം പറഞ്ഞ അതേ സംവിധായകന്‍റെ സിനിമയില്‍ അഭിനയിച്ചാണ് സുരഭി ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതെന്നാണ് ആ അവാര്‍ഡ് നേട്ടത്തിനെ പൊന്നിനേക്കാള്‍ മൂല്യമുള്ളതാക്കുന്നത്.

അമ്പലപ്പറമ്പിലെ സ്ഥിരം നര്‍ത്തികിയായി അറിയപ്പെട്ട, വായാടിയായ കൗമാരക്കാരിയില്‍ നിന്ന് എന്തും തുറന്നുപറയാന്‍ തന്‍റേടമുള്ള സഭാകമ്പമില്ലാത്ത കലാകാരിയായി സുരഭി ഇതിനോടകം  മാറി . പക്ഷ സീരിയല്‍ താരമെന്ന ലേബല്‍ ചാര്‍ത്തി പിന്നെയും ഇകഴ്ത്താന്‍ ശ്രമം നടന്നു.  ‌കോഴിക്കോടന്‍ സംസാരശൈലി ജനമനസില്‍ കോറിയിട്ട സുരഭിക്ക്  ആ പേരിലും അവസരങ്ങള്‍ നിഷേധിച്ചു. നര്‍മവേഷങ്ങളില്‍ നന്നായിണങ്ങുന്ന കലാകാരിയെ പ്രധാനവേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യാന്‍ പലരും മടിച്ചു നിന്നു. എന്നിട്ടും അവര്‍ തളരാതെ പോരാടി. കിട്ടുന്നതെല്ലാം ബോണസാണെന്ന് ആവര്‍ത്തിച്ചു. ആ വാക്കും ചിന്തയും അവരെ തുണച്ചു. കുമാരിയിലെ എണ്‍പതുകാരിയായ മുത്തമ്മയായി പകര്‍ന്നാടിയ സുരഭിയെ കണ്ട് മലയാള സിനിമ പ്രേമികളിലുണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല.  സാധാരണക്കാരിയായ പാത്തുവില്‍ നിന്ന് 64 പല്ലും അധിക ചെവിയും വെച്ച് ക്രൂരമായ ഭയപ്പെടുത്തുന്ന മുത്തമ്മയിലേക്കുള്ള  പകര്‍ന്നാട്ടം പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. സമാനമായ രീതിയില്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെയാണ് മണിയന്‍റെ മാണിക്യമായുള്ള രൂപമാറ്റവും.

 പേരില്ലാത്ത ട്വിസ്റ്റര്‍ കഥാപാത്രങ്ങളായിരുന്ന സുരഭി  ജയലക്ഷ്മിയായും രാജിയായും ആശയായും മണിയമ്മയായും എൽസിയായും ബെറ്റിയായും പാര്‍വതിയായും പാത്തുവായും സുരഭിയായും ഒക്കെ സ്ക്രീനില്‍ നിറഞ്ഞു. മിന്നാമിനുങ്ങിലെ കേന്ദ്ര കഥാപാത്രമായ അമ്മയായും പത്മയിലെ നായികയായ  പത്മയിലൂടെയും തനിക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്ന് അവര്‍ തെളിച്ചുകൊണ്ടേയിരുന്നു . അതിനംഗീകാരമായി  അഭിനയമികവിനുള്ള  ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും അവരെ തേടിയെത്തി.

ഒരിക്കല്‍ സുരഭി പറഞ്ഞത് ഇങ്ങനെയാണ് 'എന്‍റെ വഴികള്‍ കല്ലുമുള്ളും നിറഞ്ഞതാണ്, അതിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല പക്ഷേ എന്‍റെ കാലുകള്‍ക്ക് ബലം കൂടി' . ഇല്ലിമലയിലെ ചാത്തനായും മാണിക്യന്‍റെ മാണിക്യമായും അരങ്ങില്‍ വിസ്മയം തീര്‍ത്ത മലയാളത്തിന്‍റെ പെണ്‍കരുത്തിന്‍റെ കാലുകള്‍ക്ക് ഇനിയും ബലമുണ്ടാകട്ടെ.

ENGLISH SUMMARY:

Acting career of actress Surabhi Lakshmi