അഭിനയത്തോടൊപ്പം തന്നെ റേസിങ്ങിലും ക്രേസ് ഉള്ള നടനാണ് തല അജിത്. അംഗീകൃത റേസറായ അജിത് സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചു. ‘അജിത്കുമാര്‍ റേസിങ്’ എന്നാണ് ടീമിന്റെ പേര്. ദുബായിലെ ഓട്ടോഡ്രോമിൽ ഫെരാരി 488 ഇവിഒ ടെസ്റ്റ് ഡ്രൈവ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് അജിത്തിന്റെ മാനേജരായ സുരേഷ് ചന്ദ്രയാണ് റേസിങ് ടീമിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
പോർഷെ 992 ജിടി3 കപ്പിനുവേണ്ടിയുള്ള യൂറോപ്യൻ സീരിസായ 24 എച്ച് സീരീസിലായിരിക്കും തലയുടെ ടീം ആദ്യം മത്സരിക്കുക. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ചന്ദ്ര പറയുന്നു. 24 എച്ച് സീരീസില്‍ ഫാബിയാൻ ഡുഫിയക്സ് ആയിരിക്കും ഒഫീഷ്യൽ ഡ്രൈവർ.റേസിങ്ങില്‍ ആഗ്രഹവും കഴിവും ഉള്ള യുവാക്കള്‍ക്ക് പിന്തുണയേകുക എന്നതാണ് ലക്ഷ്യം. റേസര്‍ സീറ്റിലേക്ക് അജിത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. അജിത് പുതിയ ഫെരാരി 488 ഇവിഒ ഓടിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സുരേഷ് ചന്ദ്രയുടെ പോസ്റ്റ്.
മാത്രമല്ല പോസ്റ്റില്‍ അവര്‍ പുതുതായി അവതരിപ്പിക്കുന്ന ഹെൽമെറ്റ് പെയിന്റിങ് സ്കീമിനെ കുറിച്ചും വിശദമാക്കുന്നുണ്ട്. ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി എന്ന രീതിയിൽ അജിത് പങ്കെടുത്ത മത്സരങ്ങളുടെ വിവരങ്ങളും സുരേഷ് ചന്ദ്ര പങ്കുവയ്ക്കുന്നു. 2010ലെ എംആർഎഫ് റേസിങ് സീരീസിൽപങ്കെടുത്ത അജിത് പിന്നീട്
ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോർമുല 2 ചാമ്പ്യൻഷിപ്പിൽവരെ പങ്കെടുത്തിട്ടുണ്ട്.