navya-nair

Image Credit: Facebook

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചുളള ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍. നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നവ്യ പറയുന്നു. മാതംഗി ഫെസ്റ്റിനോടനുബന്ധിച്ചുള്ള  വാര്‍ത്താസമ്മേളനത്തിലായിരുന്നു നവ്യയുടെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒളിച്ചോടിപ്പോകാനൊന്നും താന്‍ ഉദ്ദേശിക്കുന്നില്ല. കലാമേഖലയുമായി   ബന്ധപ്പെട്ട്  ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അക്കാര്യത്തില്‍ തനിക്ക്  വലിയ ആശങ്കയുണ്ടെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ:

'ഒളിവില്‍ പോകുന്നതൊന്നും നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല. കോടതിയും പൊലീസുമൊക്കെ ഇടപെട്ടിരിക്കുന്ന കേസില്‍ 

അ‌തിന്‍റേതായ  തീരുമാനങ്ങള്‍ വരികയല്ലേ വേണ്ടത്. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ ഞാനിപ്പോൾ പറയാത്തത്, ഞാൻ ഒളിച്ചോടുന്നെന്ന്  വ്യാഖാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഇവിടേയ്ക്ക് വരുമ്പോള്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാളും ഇത്തരം ചോദ്യങ്ങളാവും കൂടുതലും നിങ്ങള്‍ ചോദിക്കുകയെന്നറിയാം. ഒളിച്ചോടിപ്പോകാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്കൊക്കെ മനസിൽ എന്താണോ തോന്നുന്നത്, അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസിലാക്കിയാൽ മതി'.

'പിന്നെ എന്നെക്കൊണ്ട് എന്തെങ്കിലും ഒക്കെ പറയിച്ചിട്ട് നിങ്ങൾക്കത് വാർത്തയാക്കാനാണെങ്കിൽ ചോദിക്കാം. ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാർത്താമൂല്യമില്ലാത്ത, അറിയപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ്. അതിലേയ്ക്ക് ഇത്തരത്തിലൊരു കാര്യം വലിച്ചിഴച്ച് കഴിഞ്ഞാല്‍ പിന്നെ ഇതായിപ്പോകും വാര്‍ത്ത. അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തിനോടുളള കമ്മിറ്റ്മെന്‍റ് കൊണ്ട് നമ്മള്‍ ചെയ്യുന്ന കാര്യങ്ങളും വേണ്ട രീതിയില്‍ റീച്ച് കിട്ടാതെ പോകും. അതിനാൽ ഇത് കഴിഞ്ഞ് ഞാൻ മറ്റെവിടെയെങ്കിലും വരുമ്പോൾ നിങ്ങൾ അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ സന്തോഷമായിരിക്കും. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നത്. മാധ്യമങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ ഒരിക്കലുമില്ല'.

'സിനിമാ രംഗത്ത് മാത്രമല്ല എല്ലാ തൊഴില്‍ രംഗത്തും മാറ്റം അനിവാര്യമാണ്. സ്ത്രീ സുരക്ഷ സിനിമാ മേഖലയില്‍ മാത്രമല്ല കലാരംഗത്തും ഉറപ്പാക്കണം. നിരവധി വിവാദങ്ങള്‍ കലാമേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. അക്കാര്യത്തില്‍ വലിയ ആശങ്ക തനിക്കുണ്ട്' എന്നായിരുന്നു നവ്യയുടെ പ്രതികരണം.