Image Credit: Instagram

TOPICS COVERED

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തിന്‍റെ റീ റിലീസ് ആവശ്യപ്പെട്ട് സോഷ്യല്‍ ലോകത്ത് മുറവിളി. ചിത്രത്തിന്‍റെ റീ റിലീസിനായി കാത്തിരിക്കുന്നത് മോഹന്‍ലാല്‍ ആരാധകരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ചിത്രം വീണ്ടും തിയറ്ററിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് കണ്‍വിന്‍സിങ് സ്റ്റാറിന്‍റെ ആരാധകരാണ്. സോഷ്യല്‍ വാളുകള്‍ കീഴടുക്കുകയാണ് മലയാളികളുടെ ഇഷ്ടതാരമായ സുരേഷ് കൃഷ്ണ. താരത്തിന് സോഷ്യല്‍ ലോകം ചാര്‍ത്തിക്കൊടുത്ത വിശേഷണമാണ് ഈ കണ്‍വിന്‍സിങ് സ്റ്റാര്‍ പദവി.

ട്രോളുകളിലും പ്രാങ്ക് വിഡിയോകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നതും സുരേഷ് കൃഷ്ണ തന്നെ. ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലെ ഒരു രംഗം സൈബറിടത്ത് വൈറലായതോടെയാണ് സുരേഷ് കൃഷ്ണയ്ക്ക് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന പദവി ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ താനാണ് ഇപ്പോള്‍ സ്റ്റാര്‍ എന്നറിഞ്ഞ സുരേഷ് കൃഷ്ണ തന്‍റെ തന്നെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചവരികളും ആരാധകര്‍ ഏറ്റെടുത്തു. അതിനു താഴെയായി നടനും സംവിധായകനുമായ ബേസില്‍ വന്ന് കമന്‍റിട്ടതോടെ സംഭവം വൈറലുമായി. 

പിന്നീട് സോഷ്യലിടം നിറയെ കണ്‍വിന്‍സിങ് സ്റ്റാര്‍ തരംഗമായി മാറി. ഇതോടെയാണ് ഇതിനെല്ലാം കാരണമായ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കണ്‍വിന്‍സിങ് ആരാധകര്‍ രംഗത്തെത്തിയത്. ക്രിസ്ത്യൻ ബ്രദേഴ്സ് ഫോർ കെ റി റിലീസ് വേണമെന്നാണ് കമന്‍റുകളില്‍ ഏറെയും. അതേസമയം ക്രിസ്ത്യൻ ബ്രദേഴ്സ് റീ റിലീസ് ചെയ്താൽ പ്രധാന താരങ്ങളെക്കാളേറെ കയ്യടി നേടാന്‍ പോകുന്നതും സുരേഷ് കൃഷ്ണയാണെന്നും ആരാധകര്‍ പറയുന്നു.