നടന്‍ ജയംരവിയുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ തന്നെ മോശക്കാരിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ആര്‍തി. താന്‍ കാണിക്കുന്ന നിശബ്ദത ദൗര്‍ബല്യമോ കുറ്റബോധമോ ആയി വ്യാഖ്യാനിക്കരുത് എന്ന് ആര്‍തി പറഞ്ഞു. നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് താൻ പ്രസ്താവനയിലൂടെ എതിർത്തതെന്നും അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.
'എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളിൽ ഞാൻ കാണിക്കുന്ന നിശബ്ദത എന്റെ ദൗർബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്റെ നീതി നടപ്പാക്കുന്നതിൽ നീതി ന്യായ വ്യവസ്ഥയെയാണ് ഞാൻ വിശ്വസിക്കുന്നത്.
വ്യക്തമായി പറഞ്ഞാൽ, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് നേരത്തെ ഞാൻ പ്രസ്താവനയിലൂടെ എതിർത്തത്. അതെന്നിൽ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാൻ സംസാരിച്ചത്. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്.
ഈ വിഷയത്തിൽ ഞാൻ ഇപ്പോഴും ഒരു സ്വകാര്യ സംഭാഷണം പ്രതീക്ഷിക്കുന്നു, എന്നാൽ അത് ഇതുവരെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഞാൻ വിവാഹത്തിന്റെ പവിത്രതയെ ആഴത്തിൽ ബഹുമാനിക്കുന്നു, ആരുടെയും പ്രശസ്തി ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല,' ആര്‍തി പറഞ്ഞു.
15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. എന്നാൽ രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നുമാണ് പിന്നാലെ ആര്‍തി പ്രതികരിച്ചത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും താനും മക്കളും നടനെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആര്‍തി പറഞ്ഞു.