ഏ.ആർ.എം സിനിമ നൂറ് കോടി ക്ലബിൽ ഇടം നേടുമ്പോൾ തന്‍റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിടുകയാണ് വൈക്കം വിജയലക്ഷ്മി.സിനിമയുടെ ക്ലൈമാക്സിന്‍റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാവുന്നത് വിജലക്ഷ്മി പാടിയ പാട്ടു കൂടിയാണ്. അടുത്ത ആഴ്ച 42 ആം പിറന്നാൾ ആഘോഷിക്കുന്ന വിജയലക്ഷ്മിക്ക് ഇത്തവണത്തെ പിറന്നാളിന് ഇരട്ടിമധുരമാണ്.
പതിനഞ്ചാം വയസിൽ പിതാവ് മുരളീധരൻ പാട്ടിന് കൂട്ടായി വിജലക്ഷ്മിക്ക് പണിത് നൽകിയതാണ് ഒറ്റ കമ്പിയിൽ മീട്ടുന്ന ഈ ഗായത്രീ വീണ. പാട്ടിനൊപ്പം എന്നും കൂട്ടായി മാറിയ ഗായത്രീ വീണയിൽ ഹിറ്റ് ഗാനം വായിക്കുമ്പോൾ ഓർമ്മകൾ ഒത്തിരി പിന്നിലേക്ക്.
എആർഎമ്മിന്റെ ക്ലൈമാക്സിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത് വിജയലക്ഷ്മിയുടെ പാട്ടാണെന്ന സമൂഹമാധ്യമങ്ങളിലെ കൈയ്യടികൾക്ക് നിറഞ്ഞ ചിരിയിലാണ് മറുപടി. വിദേശയാത്രയും മൂകാംബിക ദർശനവും കഴിഞ്ഞ് നാട്ടിലേക്ക് തിരികെയെത്തിയ വിജയലക്ഷ്മിയെ വിവിധ കോണുകളിൽ നിന്നുള്ള അഭിനന്ദനങ്ങൾ ആണ് സ്വീകരിച്ചത്.
നാട്ടിലെത്തി വൈക്കംകാരിയായി സാധാരണക്കാരിയായി സമയം ചെലവിടുമ്പോൾ വിജയലക്ഷ്മി മാത്രമല്ല മാതാപിതാക്കളും പാട്ടിനെ നെഞ്ചേറ്റിയവരോട് നന്ദി പറയുകയാണ്. കാറ്റേ കാറ്റേ എന്ന ഗാനത്തിനു ശേഷം പിന്നീടും നിരവധി ഹിറ്റുകൾ ഉണ്ടായെങ്കിലും തരംഗമായി മാറുന്ന വിജലക്ഷ്മിയുടെ പാട്ടാണ് എ. ആർ. എമ്മിലെ ഗാനം.