2000ത്തിന്‍റെ തുടക്കത്തിലെ ഹിറ്റ് ഗാനങ്ങളില്‍ ആര്‍ക്കും മറക്കാനാകാത്ത മുഖം. 90ട കിഡ്സിന്‍റെ പ്ലേ ലിസ്റ്റില്‍ ഇപ്പോഴും ഉണ്ടാകും മീശമാധവനിലെ ചിങ്ങമാസവും, പട്ടാളത്തിലെ ഡിങ്കിരി പട്ടാളവും, ആലിലക്കാവിലെ തെന്നലെയും, വാവാ വോ വാവേയുമൊക്കെ. സിനിമയെക്കാള്‍ മലയാളി നെഞ്ചിലേറ്റിയ പാട്ടിലൊക്കെ നിറഞ്ഞുനിന്ന ആ താരത്തെക്കുറിച്ച് ഇന്ന് സോഷ്യല്‍മീഡിയ ഒറ്റ സ്വരത്തില്‍ പറയുന്നുണ്ട് ജ്യോതിർമയി നെയിൽഡ് ഇറ്റെന്ന്.
കാലത്തിനൊത്ത് സ്റ്റൈലും സ്വാഗും മേക്കോവറും മാറ്റി പരിക്ഷിച്ച് ഒരു നടി 11 വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുവരുന്നു. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഗാനം കൊണ്ട് ശാലീന സുന്ദരിയെന്നും മലയാള തനിമയുള്ള പെണ്‍കുട്ടിയെന്നും പറഞ്ഞ പ്രേക്ഷകര്‍ക്കുള്ളില്‍ ഇത് ചിങ്ങമാസത്തിലെ ജ്യോതിര്‍മയി തന്നെയാണോ എന്ന ആശ്ചര്യം ജനിപ്പിക്കാന്‍ അവര്‍ക്കാകുന്നുണ്ട്. അതുതന്നെയാണ് അവരുടെ തിരിച്ചുവരവ് ഇത്രമേല്‍ ആഘോഷിക്കപ്പെടുന്നത്. ബോഗെയ്ന്‍വില്ലയിലെ സ്തുതി എന്ന ഗാനത്തില്‍ നിറഞ്ഞാടിയ ജ്യോതിര്‍മയി തന്‍റെ തിരിച്ചുവരവ് ആര്‍ക്കും അത്ര പെട്ടന്ന്മറക്കാനാകാത്ത രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നു.
സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം പൈലറ്റ് എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലെത്തുന്നത്. മീശമാധവനിലെ പ്രഭ എന്ന കഥാപാത്രത്തിലൂടെയാണ് ജ്യോതിര്‍മയിയുടെ മുഖം മലയാളി പ്രേക്ഷകര്‍ക്കുള്ളില്‍ പതിയുന്നത്. പിന്നിട് അതേ വര്‍ഷം തന്നെ കല്ല്യാണരാമനിലെ രാധികയായി എത്തി. 2002 ല്‍ തന്നെയാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര അവാർഡില്‍ പ്രത്യേക പരാമർശവും താരം സ്വന്തമാക്കുന്നത്. ഭാവം എന്ന ചിത്രയിലെ ലത എന്ന കഥാപാത്രത്തിനായിരുന്നു രണ്ട് പുരസ്കാരങ്ങളും.
തൊട്ടടുത്ത വര്‍ഷം തന്നെ സിബി മലയില്‍ സംവിധാനം ചെയ്ത എന്‍റെ വീട് അപ്പുവിന്‍റെയും എന്ന ചിത്രത്തിലൂടെ തനിക്ക് അഭിനയത്തിന്‍റെ എല്ലാ വശങ്ങളും വഴങ്ങുമെന്ന് അവര്‍ വീണ്ടും തെളിയിച്ചു. വാസുവിന്‍റെയും അപ്പുവിന്‍റെയും അമ്മയായി അവര്‍ അന്ന് അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞുവെച്ചു. എന്നാല്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന അമല്‍ നീരദ് ചിത്രത്തിലെ ഗ്ലാമറസ് വേഷത്തിന് അവര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഒരു മോശം സിനിമയെക്കാള്‍ നല്ലത് നല്ലൊരു ഐറ്റം സോങ് ആണെന്നായിരുന്നു ജ്യോതിര്‍മയിയുടെ നിലപാട്. നിലനില്‍പ്പിന് വേണ്ടി വരുന്ന എല്ലാ ചിത്രങ്ങളും ചെയ്യില്ല നിലപാടും അന്ന് അവരെ മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയാക്കി. ആ നിലപാടിന് പേരില്‍ പല മുന്‍നിര സംവിധായകരുടെയും സിനിമയോടും അവര്‍ നോ പറഞ്ഞു.
തമിഴിലും തെലുങ്കിലും കന്നടയിലും ജ്യോതിര്‍മയി എന്ന നടി അവരുടെ അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. 2013 ലാണ് ജ്യോതിർമയിയെ മലയാള സിനിമയിൽ ഏറ്റവും ഒടുവിലായി കണ്ടത്. ശേഷം അറിയുന്നത് സംവിധായകൻ അമൽ നീരദുമായുള്ള അവരുടെ വിവാഹമാണ്. വിവാഹത്തിന് ശേഷം ഒരു നീണ്ട ഇടവേളയെടുത്ത ജ്യോതിര്‍മയിയുടെ തിരിച്ചുവരവ് ഏറ്റവും കൂടുതല്‍ ആഘോഷിച്ചതാകട്ടെ ഭര്‍ത്താവും സംവിധായകനുമായ അമല്‍ നീരദും. ഭര്‍ത്താവ് തന്നെ സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. അമല്‍ ആണ് ജ്യോതിര്‍മയിയുടെ ചിത്രങ്ങള്‍ ആദ്യം പങ്കുവെച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ പറഞ്ഞതാകട്ടെ ''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും അവര്‍ ചാരിയത് അമല്‍ നീരദിനെയാണ്'' എന്നാണ്.
സോള്‍ട്ട് ആന്‍റ് പേപ്പര്‍ ലുക്കില്‍ ബോഗന്‍വില്ലയില്‍ എത്തുന്ന താരത്തിന്‍റെ ചുവടുകള്‍ മലയാളത്തിന്‍റെ ചോക്ലേറ്റ് ഹീറോയിലേക്കുള്ള പ്രേക്ഷകരുടെ ശ്രദ്ധയെപ്പോലും ഇല്ലാതാക്കുന്നുണ്ട്. അമല്‍ നീരദിന്‍റെ നായിക 11 വര്‍ഷത്തിനുശേഷം മലയാളി പ്രേക്ഷകരെ ഞെട്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം