പ്രണയത്തിന്‍റയും വിരഹത്തിന്‍റെയും രാഗഭാവങ്ങളിലൂടെ ഹൃദയം കവര്‍ന്ന പാട്ടുകാരന്‍ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് 46 വര്‍ഷം. മലയാളികളെ പ്രണയിക്കാനും കണ്ണീര്‍പൊഴിക്കാനും പഠിപ്പിച്ച ബാബുക്ക ഇന്നും പാട്ടിലൂടെ ജീവിക്കുന്നു. ബാബുരാജ് സംഗീത സംവിധാനം ചെയ്ത പാട്ടാണ് യേശുദാസിന് ആദ്യ ഹിറ്റ് സമ്മാനിച്ചതും. കോഴിക്കോടിന്‍റെ തെരുവില്‍ പാടി നടന്ന ബാലന്‍ പിന്നീട് ലോകമറിയുന്ന പാട്ടുകാരനായി.. പട്ടിണിയില്‍ നിന്ന് താളം പിടിച്ചുകയറിയത് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ലോകത്തേക്കായിരുന്നു.
1957ല്‍ രാമുകാര്യാട്ട് സംവിധാനം ചെയത മിന്നുകെട്ടിലൂടെയാണ് അരങ്ങേറ്റം.. പിന്നീട് രണ്ടു പതിറ്റാണ്ടിനുള്ളില്‍ ബാബുക്ക സമ്മാനിച്ചത് അറുനൂറിലധികം പാട്ടുകള്‍. ഉദ്യോഗസ്ഥ എന്ന ചിത്രത്തിനായി യൂസഫലി കേച്ചേരി എഴുതിയ പാട്ടിന് സംഗീതം നല്‍കിയപ്പോള്‍ യേശുദാസിന് ലഭിച്ചതാക്കട്ടെ ആദ്യഹിറ്റും.
1964ല്‍ ഭാര്‍ഗവീനിലയത്തിനായി ഭാസ്കരന്‍ മാഷിന്‍റെ വരികള്‍ക്ക് ബാബുരാജ് ഈണം നല്‍കിയ ഗാനം ശ്രദ്ധേയമാണ്. ബാബുരാജ് ഈണം നല്‍കിയ പാട്ടുകള്‍ ഇന്നും കാലാന്തരം പാടുകയാണ്. അതിലൊന്നാണ് 1967ല്‍ പി ഭാസ്കരന്‍ സംവിധാനം ചെയ്ത പരീക്ഷയിലെ ഈണങ്ങള്‍. പി ഭാസ്കരന്‍, വയലാര്‍ രാമവര്‍മ, യൂസഫലി കേച്ചേരി തുടങ്ങിയ പ്രതിഭകളുടെ ഗാനങ്ങള്‍ക്കും ഈണമിട്ടു.
49–ാം വയസില്‍ വിടപറയുമ്പോള്‍ ബാബുക്ക പാടാതെ ബാക്കിവെച്ചത് സംഗീതത്തിന്‍റെ മറ്റൊരു ലോകമായിരുന്നു. ഏകാന്തതയില്‍ തളിരിട്ട ഈണങ്ങളിലൂടെ ജീവിക്കുന്ന ബാബുക്കയ്ക്ക് ഇന്നും നീലാകാശത്തോളം വലുപ്പമുണ്ട് മലയാളി മനസുകളില്‍.