റഷ്യയിലെ കിനോബ്രാവോ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് തിളങ്ങിയത്. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന് ലഭിച്ച അവാര്‍ഡ് ഏറ്റുവാങ്ങിയത് സംവിധായകന്‍ ചിദംബരം ആയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയോടുള്ള റഷ്യക്കാരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം അമ്പരപ്പിക്കുന്നതായെന്ന് ചിദംബരം പറഞ്ഞു.
സിനിമ കണ്ടതിന് ശേഷം റഷ്യക്കാര്‍ കരയുകയായിരുന്നു എന്നാണ് ദേശിയ മാധ്യമത്തോട് ചിദംബരം പ്രതികരിച്ചത്. കിനോബ്രാവോ രാജ്യാന്തര ചലച്ചിത്രമേളയില്‍ മഞ്ഞുമ്മല്‍ ബോയ്സ് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ നിരവധി ആളുകള്‍ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതായി ചിദംബരം പറയുന്നത്.
സിനിമയുടെ പ്രദര്‍ശനത്തിന് ശേഷമുള്ള ചോദ്യത്തോര സെഷനില്‍ സെറ്റ് ഒരുക്കിയതിനെ കുറിച്ചും മറ്റ് മേക്കിങ്ങിനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ എത്തി. നമ്മുടെ സിനിമ ഇവിടെ സോച്ചി വരെ എത്തിക്കാനായത് വലിയൊരു കാര്യമാണ്. വളരെ വ്യത്യസ്തതകളുള്ള സിനിമകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. എത്തിയോപ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളുമെല്ലാം ഇവിടെയെത്തുന്നു, ചിദംബരം പറഞ്ഞു.
കിനോബ്രാവോ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയത്. മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.