പുതിയ ചിത്രമായ വേട്ടൈയാനില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് മലയാളത്തിന്‍റെ സൂപ്പര്‍ താരം മഞ്ജു വാരിയര്‍. രജനീകാന്തിനെ ഒരുവട്ടം നേരിട്ട് കാണാന്‍ കഴിയുമെന്നുപോലും കരുതിയതല്ലെന്നും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്നതുല്യമാണെന്നും മഞ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ മനോനിലയില്‍ നില്‍ക്കുമ്പോഴാണ് ആയിരക്കണക്കിന് ആരാധകര്‍ക്കുമുന്നില്‍ മഞ്ജുവിനെ വാഴ്ത്തി സാക്ഷാല്‍ തലൈവര്‍ രംഗത്തുവന്നത്. വേട്ടൈയാന്‍റെ ഓഡിയോ ലോഞ്ച് ആയിരുന്നു വേദി.
‘മഞ്ജു വാരിയര്‍...വാട്ട് എ ലേഡി...വാട്ട് എ ജെന്‍റില്‍ ലേഡി...വാട്ട് എ കള്‍ച്ചേര്‍ഡ് ലേഡി...എന്നാ ഡിഗ്നിഫൈഡ് പെരുമാറ്റം...എക്സലന്‍റ്...അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്നോടുള്ള ആദരമായി കരുതുന്നു...’ ഇതായിരുന്നു സാക്ഷാല്‍ രജനീകാന്തിന്‍റെ വാക്കുകള്‍. മഞ്ജുവിന്‍റെ വ്യക്തത്വവും അന്തസ്സുള്ള പെരുമാറ്റവും ആദരവോടെയുള്ള ഇടപെടലുകളും സൂപ്പര്‍ സ്റ്റാറിന്‍റെ ഹൃദയത്തില്‍ തൊട്ടു എന്നതിന് മറ്റെന്ത് തെളിവുവേണം. സദസില്‍ മുന്‍നിരയിലുണ്ടായിരുന്ന മഞ്ജു വാരിയര്‍ എഴുന്നേറ്റുനിന്ന് കൈകൂപ്പി നന്ദി അറിയിച്ചു.
പത്തിരുപത് വര്‍ഷം മുന്‍പാണെങ്കില്‍ നായിക ആരെന്നാവില്ല ഫസ്റ്റ് ഹീറോയിന്‍ ആരെന്നാവും തന്നോട് ചോദിക്കുക അന്നുപറഞ്ഞ് രജനീകാന്ത് സ്വയം ട്രോളിയത് സദസിനെ ഇളക്കിമറിച്ചു. ഒന്നിലധികം നായികമാരുള്ള ചിത്രങ്ങളെ ഉദ്ദേശിച്ചായിരുന്നു സൂപ്പര്‍ സ്റ്റാറിന്‍റെ പരാമര്‍ശം. വേട്ടൈയന്‍റെ കാര്യത്തില്‍ ഹിറോയിന്‍ ആരെന്ന ചോദ്യത്തിന് മഞ്ജു വാരിയര്‍ എന്നുമാത്രമേ തുടക്കം മുതല്‍ ചിന്തിച്ചിരുന്നുള്ളു. മഞ്ജുവിന്‍റെ അസുരന്‍ എന്ന തമിഴ് സിനിമ മാത്രമേ കണ്ടിരുന്നുള്ളുവെങ്കിലും അവരുടെ കഴിവിനെക്കുറിച്ച് സംവിധായകനും തനിക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.
അഞ്ചുവര്‍ഷം മുന്‍പ് സംവിധായകന്‍ സന്തോഷ് ശിവന്‍ രജനിയുടെ ദര്‍ബാര്‍ സിനിമ ചെയ്യുന്ന സമയത്ത് മഞ്ജു അഭിനയിച്ച ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലെ ചില രംഗങ്ങള്‍ രജനിക്ക് കാണിച്ചുകൊടുത്തിരുന്നു. അന്ന് രജനി മഞ്ജുവിന്‍റെ പ്രകടനത്തെ പുകഴ്ത്തിയ കാര്യം മഞ്ജു കൂടി പങ്കെടുത്ത ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ സന്തോഷ് ശിവന്‍ വെളിപ്പെടുത്തിയിരുന്നു.